മനാമ: ഫ്രഞ്ച് എഴുത്തുകാരനായ ജീൻ ജിയോനോയുടെ ‘മരങ്ങൾ നട്ട മനുഷ്യൻ’ എന്ന പുസ്തകം ചെറുപ്പത്തിൽ വായിച്ചപ്പോൾ കോഴിക്കോട് പടനിലം സ്വദേശിയായ വി. മുഹമ്മദ് കോയ മനസിലുറപ്പിച്ചു. എന്നെങ്കിലുമൊരു കാടിനെ പുനഃസൃഷ്ടിക്കണം. കാടും പ്രകൃതിയും കണ്ടുള്ള യാത്രകളും മരങ്ങൾ ഇല്ലാതാകുന്ന നാടിനെപ്പറ്റിയുള്ള ആധികളും ഇൗ തീരുമാനത്തിന് കരുത്ത് പകർന്നു. വർഷങ്ങൾക്ക് ശേഷം കയ്യിൽ വന്നുചേർന്ന രണ്ടര ഏക്കർ ഭൂമി എന്തുചെയ്യണമെന്ന് മുഹമ്മദ് കോയക്ക് വീണ്ടും ആേലാചിക്കേണ്ടി വന്നതേയില്ല. 10 സെൻറ് പോലും മുറിച്ച് വിറ്റ്റിയൽ എസ്റ്റേറ്റ് ബിസിനസ് പൊടിപൊടിച്ചിരുന്ന 1999ലാണിത്. പടനിലത്തിനടുത്തുള്ള ഒരു മൊട്ടക്കുന്നിൽ 99ലെ മഴക്കാലത്ത് മുഹമ്മദ് കോയ മരങ്ങൾ നടാൻ തുടങ്ങി. പലയിടത്തുനിന്നായി ശേഖരിച്ച തൈകൾ. ആ കാലത്ത് അവിടെ തണലിെൻറ ഒരു അടയാളം പോലും ഉണ്ടായിരുന്നില്ലെന്ന് മുഹമ്മദ് കോയ പറഞ്ഞു. വെള്ളക്ഷാമവുമുണ്ടായിരുന്നു.
നിശ്ചയദാർഡ്യവും ഒടുങ്ങാത്ത താൽപര്യവും കൈവിടാതെ വീണ്ടും മരങ്ങൾ നട്ടുകൊണ്ടേയിരുന്നു. ഒടുക്കം പ്രകൃതി കനിഞ്ഞു. തരിശുഭൂമി നാലഞ്ച് വർഷം കൊണ്ട് ഹരിതാഭമായി. ഇന്ന് ആദ്യ നടീലിന് 20 വർഷം തികയാൻ പോകുേമ്പാൾ, പടനിലത്ത് തലയുയർത്തി നിൽക്കുന്ന ‘ബോട്ടാണിക്കൽ ഗാർഡനായി’ മുഹമ്മദ് കോയയുടെ അധ്വാനം മാറി. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയപ്പോഴാണ് താൻ മരങ്ങളും കാടുകളുമായി പ്രണയത്തിലായ കഥ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചത്.
ബഹ്റൈനിലെ സന്ദർശനത്തിനും മരവുമായുള്ള ഒരു അനുരാഗത്തിെൻറ താൽപര്യമുണ്ട്. ബഹ്റൈനിലുള്ള അടുത്ത സുഹൃത്ത്, മരുഭൂമിയിൽ വാടാതെ വർഷങ്ങളായി നിൽക്കുന്ന ‘ട്രീ ഒാഫ് ലൈഫ്’ എന്ന ഒറ്റമരത്തെക്കുറിച്ച് വാതോരാതെ പറയാറുണ്ട്. അതൊന്ന് കാണണമെന്ന് കുറെ കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. അതിനായാണ് ഭാര്യാസമേതം ഇവിടെ എത്തിയത്. നാട്ടിൽ കാടുണ്ടാക്കാനായി ഇറങ്ങിയപ്പോൾ പരിഹസിച്ചവർക്ക് പോലും ഇന്ന് മുഹമ്മദ് കോയയോട് ബഹുമാനമാണ്. വരൾച്ചയുണ്ടായിരുന്ന പ്രദേശത്തിന് ചുറ്റുമുള്ള കിണറുകളിൽ വെള്ളം വറ്റാത്ത അവസ്ഥയായി ഇപ്പോൾ. അതിന് കാരണം, ഇൗ മനുഷ്യെൻറ അധ്വാനമാണ് എന്ന് അവരെല്ലാം അംഗീകരിച്ചുകഴിഞ്ഞു.
കൊടുവള്ളിയിൽ ജ്വല്ലറി ബിസിനസ് നടത്തുകയാണ് ഇദ്ദേഹം. 80കളിൽ മൂന്ന് വർഷത്തോളം പ്രവാസിയുമായിരുന്നു. പക്ഷേ, കൂടുതൽ താൽപര്യം കാടിനോടാണ്. വിദ്യാഭ്യാസം 10ാം ക്ലാസ് വരെ മാത്രം. പക്ഷേ, വായന ഒരിക്കലും കൈവിട്ടില്ല. എഴുത്തും. പഠിക്കുന്ന കാലത്തേ ബാല പംക്തികളിൽ എഴുതിയിരുന്നു. ഇതിനകം നോവലും ചെറുകഥകളുമായി ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താൻ നട്ടുവളർത്തിയ മരങ്ങളിൽ ഏറെയും പശ്ചിമ ഘട്ടമലനിരകളിൽ കാണുന്നവയാണെന്ന് മുഹമ്മദ് കോയ പറഞ്ഞു.ഇന്ന് 250ലേറെ ഇനങ്ങളിൽ പെട്ട മരങ്ങൾ ഇവിടെയുണ്ട്. വനം കാണാൻ സ്കൂളിൽ നിന്ന് കുട്ടികളുടെയും പരിസ്ഥിതി ക്ലബുകളുടെയും സംഘങ്ങൾ എത്താൻ തുടങ്ങിയതോടെ മരങ്ങളുടെ പേരും അതിെൻറ ശാസ്ത്രീയ നാമവും എഴുതി പ്രദർശിപ്പിച്ചു തുടങ്ങി. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിക്കപ്പെട്ട വൃക്ഷങ്ങൾക്കുപുറമെ, ഗബ്രിയേൽ ഗാർസ്യ മാർക്വേസിനെയും ഹെൻറി ഷാരിയറേയും പോലുള്ളവരുടെ കൃതികളിലുള്ള മരങ്ങളും ഇവിടെ കാണാം. അതിെൻറയെല്ലാം വിവരണവും നൽകിയിട്ടുണ്ട്. സാഹിത്യ തൽപരനായ മുഹമ്മദ് കോയ പ്രശസ്തരായ എഴുത്തുകാരുടെ പേരാണ് വിവിധ ഗേറ്റുകൾക്ക് നൽകിയിട്ടുണ്ട്. താൻ വളർത്തിയെടുത്ത കാട് ഒരു ‘ലിറ്ററേച്ചർ ഗാർഡൻ’ ആണെന്നാണ് അദ്ദേഹം പറയുന്നത്. ബഹ്റൈൻ ഇഷ്ടപ്പെെട്ടങ്കിലും അധികം നിൽക്കാൻ സമയമില്ല.കാട്ടിലെത്താൻ വൈകിക്കൂട. അതിനാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങുമെന്നും ‘വി.എം.കെ.ബോട്ടാണിക്കൽ ഗാർഡൻസ്’ ഉടമ യായ മുഹമ്മദ് കോയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.