ഒരു ക്രിസ്മസ് രാവിൽ വിഷാദം വിതച്ചുകൊണ്ട്, എം.ടിയെന്ന മഹാപ്രതിഭ, വെള്ളിനക്ഷത്രങ്ങളുടെ ലോകത്തേക്ക് വിട വാങ്ങിയിട്ട് ഒരു വർഷം തികയുന്നു! സ്വർണം ചെമ്പാക്കുന്ന മനുഷ്യരുടെ കാലത്തും ലോകത്തും, തന്റെ തങ്ക തൂലികകൊണ്ട്, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മഹാമാന്ത്രികനാണ് എം.ടി. വാസുദേവൻ നായർ. ഒരു മനുഷ്യായുസ്സിന്റെ ഹരിത വർഷങ്ങളും സുന്ദര വസന്തങ്ങളും മാത്രമല്ല, തന്റെ ജീവിത ശരത്കാല സായാഹ്നങ്ങൾ പോലും മലയാള സാഹിത്യത്തിനും സിനിമക്കുമായി സമർപ്പിച്ച കലയുടെ കുലപതിയാണദ്ദേഹം. ഏഴ് ദശാബ്ദങ്ങളോളം സാഹിത്യ- സാംസ്കാരിക- സിനിമാ- മാധ്യമ മേഖലകളിൽ ഒരു സുവർണ നക്ഷത്രം പോലെ ജ്വലിച്ചുനിൽക്കാൻ എം.ടിയെ പോലെ ഭാഗ്യം സിദ്ധിച്ച ബഹുമുഖ പ്രതിഭകൾ മലയാളത്തിൽ അത്യപൂർവമാണ്.സുപ്രസിദ്ധ സംവിധായകൻ സത്യൻ അന്തിക്കാട് എം.ടിയെക്കുറിച്ചു ആരാധനയോടെ പറഞ്ഞതിങ്ങനെയാണ്:
“എന്റെയും എന്റെ തലമുറയുടെയും എക്കാലത്തേയും ഹീറോ ആണ് എം.ടി..... എം.ടി.യുടെ എല്ലാ കഥകളിലും എനിക്കു എന്നെ കാണാം. ഭീമനിലും ചന്തുവിൽ പോലും ഞാനുണ്ട്...’’
എം.ടി.യെ ഹൃദയം കൊണ്ടു വായിക്കുന്ന ഓരോ വായനക്കാരനും അദ്ദേഹത്തിന്റെ ഏതെങ്കിലുമൊക്കെ കഥാപാത്രത്തിൽ തന്റെ സ്വന്തo മുഖച്ഛായ കണ്ടെത്താൻ കഴിയും. അത് ‘നാലുകെട്ടി’ലെ അപ്പുണ്ണിയോ ‘മഞ്ഞി’ലെ വിമലയോ, ഗൾഫ് പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ‘വിൽക്കാനുണ്ട് സ്വപ്നങ്ങളി’ ലെ പ്രവാസിയോ മറ്റോ ആയിരിക്കാം.
1954ൽ തന്റെ 21ാമത്തെ വയസ്സിൽ ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥ മത്സരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ ‘എന്ന കഥ ഒന്നാം സമ്മാനം നേടി. ജീവിതത്തിൽ ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ ഒരു ജേതാവിന്റെ പുരസ്കാര ഘോഷയാത്രയുടെ തുടക്കമായിരുന്നു ഈ അവാർഡ്. പിന്നീട് സാഹിത്യത്തിനും സിനിമക്കുമുള്ള നിരവധി മഹദ് പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
സാഹിത്യത്തിന് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അവാർഡായ ജ്ഞാനപീഠം കരസ്ഥമാക്കിയ മഹാപ്രതിഭകളിൽ ഒരാളാണ് എം.ടി. കേന്ദ്ര-സംസ്ഥാന അക്കാദമി അവാർഡുകൾ, വയലാർ, ഓടക്കുഴൽ അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. മലയാളസാഹിത്യ മേഖലക്ക് എം.ടി നൽകിയ മഹദ് സംഭാവനകൾ പരിഗണിച്ച് കോഴിക്കോട് യൂനിവേഴ്സിറ്റിയും മഹാത്മാഗാന്ധി സർവ്വകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.
സാഹിത്യ ലോകത്തു മാത്രമല്ല, മലയാള സിനിമാ വിഹായസ്സിലും, അര നൂറ്റാണ്ടിലധികം, സൂര്യ പ്രഭയോടെ തിളങ്ങി നിൽക്കാൻ ഭാഗ്യം ലഭിച്ച പ്രതിഭയാണ് എം.ടി. 60 വർഷങ്ങൾക്കു മുമ്പ്, 1965 ഡിസംബറിൽ റിലീസായ 'മുറപ്പെണ്ണി'ന്റെ തിരക്കഥയിലൂടെയാണ് എം.ടി. സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.
പിന്നെ അഞ്ച് പതിറ്റാണ്ടുകളോളം മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറിയ 55 ലേറെ ചിത്രങ്ങളുടെ സൃഷ്ടിയിൽ എം.ടി. യുടെ മാന്ത്രിക കരങ്ങളുണ്ടായിരുന്നു.
തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ എം.ടി.യുടെ ചിത്രങ്ങൾ അഭ്ര പാളികളിലും പ്രേക്ഷക മനസ്സുകളിലും ഇന്ദ്രജാലം തീർത്തു. എം.ടി.യുടെ തിരക്കഥകൾക്കു 4 തവണ ദേശീയ അവാർഡ് കിട്ടുകയുണ്ടായി. ഇതൊരു റെക്കോഡ് ആണ്. മലയാള സിനിമക്ക് എം.ടി. നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ അദ്ദേഹത്തിന് ജെ.സി ഡാനിയേൽ പുരസ്കാരം നൽകുകയുണ്ടായി. ഇതിനെല്ലാം പുറമെ പത്മഭൂഷൺ, പത്മ വിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ പ്രതിഭ അർഹനായിട്ടുണ്ട്.എങ്കിലും… എല്ലാ പുരസ്കാരങ്ങളും ഭൂമിയിൽ വിട്ടൊഴിഞ്ഞു, ‘കാല’വും ഭൂലോകവും കടന്ന്, സുവർണ താരാപഥങ്ങൾക്കപ്പുറത്തെ, അനന്തമായ പ്രകാശ സൗന്ദര്യത്തിലേക്കു, എം.ടി എന്ന താരം പറന്നകന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു… എന്നിട്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും സ്മൃതിപഥങ്ങളിലും അദ്ദേഹം തുടർന്നും ജീവിക്കുന്നു!തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മഹേന്ദ്രജാലക്കാരന് മഹാപ്രണാമം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.