മനാമ: ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തിനും പൗരന്മാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാനും അതിന്റെ പ്രോക്സി വിഭാഗങ്ങളും നടത്തുന്ന നിരന്തരമായ ആക്രമണങ്ങളെ ജി.സി.സി അംഗരാജ്യങ്ങളും ജോർഡനും ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817-2026, അന്താരാഷ്ട്ര നിയമങ്ങൾ, അറബ് ലീഗ് കൗൺസിൽ തീരുമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ജൂൺ 17-ന് യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് ശേഷവും ഈ ആക്രമണങ്ങൾക്ക് കുറവുവന്നിട്ടില്ല. ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ ഊർജ്ജ നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച് രാജ്യങ്ങളുടെ പരമാധികാരവും പൗരന്മാരുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വ്യക്തിഗതമായോ കൂട്ടായോ ഉള്ള സ്വയം പ്രതിരോധത്തിനുള്ള പൂർണ അവകാശമുണ്ടെന്ന് ഏഴ് രാജ്യങ്ങളും ആവർത്തിച്ചു വ്യക്തമാക്കി. സായുധ സംഘടനകളുടെയും പ്രോക്സി ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ തടയാൻ ഇറാഖ് സർക്കാർ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളെയും, വരുന്ന സെപ്റ്റംബർ 30-നകം ആയുധങ്ങൾ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാനുള്ള തീരുമാനത്തെയും രാജ്യങ്ങൾ സ്വാഗതം ചെയ്തു.
ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര പ്രമേയം പാസാക്കണമെന്നും, ബാധിത രാജ്യങ്ങളുടെ സ്വയം പ്രതിരോധ അവകാശത്തെ അംഗീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലെയും ബാബ് അൽ-മന്ദബിലെയും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷയും നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം, യെമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ സൗദി അറേബ്യയും ഒമാനും നടത്തുന്ന നയതന്ത്ര ശ്രമങ്ങളെയും രാജ്യങ്ങൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.