ബഹ്‌റൈനിൽ ഫുഡ് ട്രക്കുകൾക്കായി പുതിയ പൊതുസ്ഥനങ്ങൾ അനുവദിച്ച് മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രാലയം

മനാമ: ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലുമായി ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നതിനായി എട്ട് പൊതുസ്ഥനങ്ങൾ ഔദ്യോഗികമായി അനുവദിച്ച് മുനിസിപ്പാലിറ്റി കാര്യ കർഷക മന്ത്രാലയം. രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫുഡ് ട്രക്ക് മേഖലയെ കൂടുതൽ ക്രമീകരിക്കുന്നതിന്റെയും കുടുംബ സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. കൂടാതെ ഫുഡ് ട്രക്കുകൾ രജിസ്റ്റർ ചെയ്യുന്നതിനും പെർമിറ്റ് കരസ്ഥമാക്കുന്നതിനുമായി പുതിയൊരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

മുഹറഖ് റിങ് റോഡിലെ ബ്ലോക്ക് 233 പ്രദേശം, സിത്റ വാക്ക്‌വേ (ബ്ലോക്ക് 381), ഐൻ ഖസാരി (ബിലാദ് അൽ ഖദീം - ബ്ലോക്ക് 357), ഐൻ അൽ ഹുനൈനിയ (ബ്ലോക്ക് 903), ഖലീഫ കുബ്ര ഗാർഡൻ (ബ്ലോക്ക് 957), അബു സുഭ് ബീച്ച് (ബ്ലോക്ക് 544), ബുദൈയ്യ ബീച്ച് (ബ്ലോക്ക് 957), മൽക്കിയ ബീച്ച് (ബ്ലോക്ക് 1033) എന്നീ സ്ഥലങ്ങളാണ് ഫുഡ് ട്രക്കുകൾക്കായി പ്രധാനമായും അനുവദിച്ചിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങൾ ഇതുപോലെ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഫുഡ് ട്രക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് ഉടമകൾക്ക് മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഫുഡ് വെൻഡിങ് ട്രക്ക് ഇ-സേവനങ്ങൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്വകാര്യ ഭൂമിയിലാണ് ഫുഡ് ട്രക്ക് പ്രവർത്തിക്കുന്നതെങ്കിൽ ഉടമയുടെ അനുമതിപത്രവും മറ്റ് രേഖകളും സഹിതം ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ സമീപിക്കേണ്ടതാണ്.

മൊബൈൽ ഫുഡ് ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി, ആവശ്യമായ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിനായി ഓപ്പറേറ്റർമാർക്ക് ഡിസംബർ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ നിശബ്ദ ജനറേറ്ററുകൾ ഉപയോഗിക്കണമെന്നും, രാവിലെ 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും കർശന നിർദ്ദേശമുണ്ട്.

Tags:    
News Summary - Ministry of Municipal Affairs and Agriculture allocates new public spaces for food trucks in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.