സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം: യുവാവ് 8 മണിക്കൂറിനകം ബഹ്‌റൈനിൽ പിടിയിൽ

മനാമ: സ്കൂൾ ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിക്കാനും ശല്യപ്പെടുത്താനും ശ്രമിച്ച കേസിൽ 24 വയസ്സുള്ള യുവാവിനെ പരാതി ലഭിച്ച് എട്ട് മണിക്കൂറിനുള്ളിൽ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിച്ചത്. പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനായി നിശ്ചയിച്ച സ്ഥലത്തേക്ക് വിദ്യാർഥിനി നടന്നുപോകുമ്പോഴാണ് അതിക്രമശ്രമം നടന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവരങ്ങൾ നിരീക്ഷിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഏതൊരു സംശയാസ്പദമായ നീക്കങ്ങളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ അധികൃതരെ വിവരമറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് വിവരം ലഭിച്ചത് പൊലീസിന് വേഗത്തിൽ നടപടിയെടുക്കാൻ സഹായകരമായി.

പിടിയിലായ പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സംഭവിച്ച കാര്യങ്ങളെക്കുറിച്ചോ വിദ്യാർഥിനിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - arrest on child molestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.