നിയമ ലംഘനം; 547 പ്രവാസികളെ നാടുകടത്തി ബഹ്റൈൻ
മനാമ: അനധികൃതമായി രാജ്യത്ത് താമസിച്ചതിനെ തുടർന്ന് പിടിയിലായ 547 പ്രവാസികളെ നാടുകടത്തി ബഹ്റൈൻ. സ്ഥിരമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടന്നു വരുന്ന പരിശോധനകളുടെ ഭാഗമായി പിടിയിലായവരെയാണ് നാടുകടത്തിയത്.
സെപ്റ്റംബർ മാത്രം 4,847 പരിശോധനകൾ നടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. പരിശോധനകളിൽ തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ച 67 നിയമവിരുദ്ധ തൊഴിലാളികളെ പുതുതായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനകളിൽ എൽ.എം.ആർ.എ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം (നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, കോസ്റ്റ് ഗാർഡ്), വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ കാമ്പെയ്‌നുകൾ.
നിയമവിരുദ്ധ തൊഴിൽ രീതികൾ തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് എൽ.എം.ആർ.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ, തവാസുൽ ആപ്പ് വഴിയോ അധികൃതരെ അറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.