കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

മനാമ: കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. പഠനത്തിനും വിനോദത്തിനുമായി കുട്ടികൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സ്പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഡിജിറ്റൽ ലോകത്തെ പ്രശ്നങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി ആഭ്യന്തര മന്ത്രാലയം നിരവധി നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഡിവൈസുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രൈവസി സെറ്റിംഗുകൾ സജീവമാക്കാനും, പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ ഉപയോഗിക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത പാസ്‌വേഡുകൾ നിർമ്മിക്കാനും അവ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഓൺലൈനിൽ അപരിചിതരുമായി സംസാരിക്കുന്നതും ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതുമായ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ട്.

കുട്ടികളുടെ ഓൺലൈൻ അനുഭവങ്ങളെക്കുറിച്ച് രക്ഷിതാക്കൾ അവരുമായി നിരന്തരം സംസാരിക്കുകയും, എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ അത് രക്ഷിതാക്കളോട് തുറന്നുപറയാനുള്ള സാഹചര്യം ഒരുക്കുകയും വേണം. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ, ഗെയിമുകൾ, വെബ്‌സൈറ്റുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. മാൽവെയറുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് രക്ഷനേടാനായി സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും അറിയപ്പെടാത്ത സോഴ്സുകളിൽ നിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കാനും കുട്ടികളെ ഉപദേശിക്കണം.

അതേസമയം, ബോധവൽക്കരണത്തോടൊപ്പം കുട്ടികളെ ആകർഷിക്കുന്ന നൂതനമായ മാർഗ്ഗങ്ങളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്‌ലോക്സ് വഴി കുട്ടികൾക്ക് രസകരമായ രീതിയിൽ സൈബർ സുരക്ഷാ പാഠങ്ങൾ പകർന്നുനൽകുന്ന ‘ടുഗെതർ’ ഡിജിറ്റൽ സമ്മർ പ്രോഗ്രാമിന് മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കൂ എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Tags:    
News Summary - Ministry of Home Affairs issues alert to ensure cyber safety of children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.