ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ഐ.എൽ.എ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ‘ഓണം 2026’ പരിപാടിയിൽ നിന്ന്
ഐ.എൽ.എ–ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ ഓണം ആഘോഷിച്ചു
ബഹ്റൈൻ: ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ഐ.എൽ.എ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ‘ഓണം 2026’ ആഘോഷം ക്രൗൺ പ്ലാസ ബഹ്റൈനിൽ വർണാഭമായ പരിപാടികളോടെ നടന്നു. സംസ്കാരവും സംഗീതവും നൃത്തവും സൗഹൃദവും ഒത്തുചേർന്ന ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.
സംസ്ഥാന സർക്കാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. രാജുനാരായണ സ്വാമി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് രാജേഷ് നമ്പ്യാർ അദ്ദേഹത്തെ ചടങ്ങിൽ സ്വീകരിച്ചു. ടെസ്സി ചെറിയാൻ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ വിനോദ് റാത്തി, ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തിരുവാതിര, സംഗീത-സിനിമാറ്റിക് നൃത്താവിഷ്കാരങ്ങൾ, ലൈവ് ഇൻസ്ട്രുമെന്റൽ സംഗീതം, പുല്ലാങ്കുഴൽ വാദനം, വഞ്ചിപ്പാട്ടും നൃത്തവും, വനിതകളുടെയും ദമ്പതികളുടെയും ഫാഷൻ ഷോ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആവേശകരമായ വടംവലി മത്സരവും സദസ്സിനെ ആവേശത്തിലാഴ്ത്തി.
അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും ഒരുമിച്ച് ഓണ സദ്യ ആസ്വദിച്ചു. തുടർന്ന് ഡി.ജെ സംഗീതവും ഓപ്പൺ ഡാൻസ് ഫ്ലോറും ആഘോഷത്തിന് കൂടുതൽ ഉണർവേകി. ഫോട്ടോ ബൂത്തുകളും വിവിധ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഐക്യം, സമത്വം, പങ്കുവെക്കൽ, ഒരുമ എന്നീ മഹത്തായ സന്ദേശങ്ങളാണ് ഓണത്തിന്റെ അന്തഃസത്തയെന്ന് സംഘാടകർ ചടങ്ങിൽ പറഞ്ഞു. ഐ.എൽ.എയും ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി ഓണം ആഘോഷിക്കുന്നതിന്റെ രണ്ടാം വർഷം കൂടിയായിരുന്നു ഇത്തവണത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.