സൗദി അറേബ്യയ്‌ക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈൻ

മനാമ: സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക, സുപ്രധാന കേന്ദ്രങ്ങൾക്കുനേരെ ഇറാൻ പിന്തുണയുള്ള ഹൂതി നടത്തിയ ഭീകരാക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ഈ നടപടി വലിയൊരു പ്രകോപനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ചെങ്കടലിലെയും ബാബ് അൽ-മന്ദബിലെയും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യത്തിനും കപ്പൽ ഗതാഗതത്തിനും എതിരെയുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ രക്ഷാസമിതി പ്രമേഹങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.

സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരായി നിർത്തുന്നതിനും രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സിന്റെ ജാഗ്രതയെയും കാര്യക്ഷമതയെയും മന്ത്രാലയം പ്രശംസിക്കുകയും സൗടിയുടെ സുരക്ഷ ബഹ്റൈന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാനും കുറ്റവാളികളെ ഉത്തരവാദികളാക്കാനും രക്ഷാസമിതി കർശന നടപടികൾ സ്വീകരിക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. ജി.സി.സി അംഗമെന്ന നിലയിലും സുരക്ഷാ സമിതിയിലെ അംഗമെന്ന നിലയിലും ബഹ്റൈൻ ഇതിനായി സജീവമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. യെമനിലെ പ്രതിസന്ധിക്ക് സമഗ്രവും സമാധാനപരവുമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനായി സൗദി അറേബ്യ നടത്തുന്ന നയതന്ത്ര-മാനുഷിക ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിക്കുകയും യെമന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

Tags:    
News Summary - Bahrain strongly condemns Houthi attacks against Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.