മനാമ: ബഹ്റൈന്റെ അധ്യക്ഷതയിൽ 16ാമത് ഏഷ്യൻ പാർലമെന്ററി അസംബ്ലി (എ.പി.എ) പ്ലീനറി സമ്മേളനം ജനുവരി 24 മുതൽ 28 വരെ മനാമയിൽ നടക്കും. ഏഷ്യൻ രാജ്യങ്ങൾക്കിടയിലുള്ള പാർലമെന്ററി സഹകരണം ശക്തമാക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നീക്കമായാണ് ഈ സമ്മേളനം.
ബഹ്റൈൻ ജനപ്രതിനിധി സഭ സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നിർദേശാനുസരണം ശൂറ കൗൺസിലും പ്രതിനിധി സഭയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 'ഏഷ്യയിലെ നാഗരികതകൾക്കും സംസ്കാരങ്ങൾക്കുമിടയിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യൻ പാർലമെന്റുകളുടെ പങ്ക്: അവസരങ്ങൾ, വെല്ലുവിളികൾ, ഭാവി പാതകൾ' എന്നതാണ് ഇത്തവണത്തെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി എക്സിക്യൂട്ടിവ് കൗൺസിൽ യോഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചർച്ചകൾ, വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ എന്നിവ നടക്കും. നിയമനിർമാണ രംഗത്തെ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സമാധാനവും വികസനവും ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകൾക്ക് മനാമ വേദിയാകും. കഴിഞ്ഞ വർഷം അസർബൈജാനിലെ ബാക്കുവവിൽ നടന്ന 15ാമത് സമ്മേളനത്തിലാണ് ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ബഹ്റൈനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.