മനാമ: നിയമലംഘനത്തെ തുടർന്ന് മനാമയിലെ ഒരു വ്യാപാര സ്ഥാപനം വ്യവസായ-വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ സ്ഥാപനത്തിൽ നിന്ന് ഗുരുതരമായ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വിൽക്കുക, അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുക, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ രേഖപ്പെടുത്തിയ വിലയും ബില്ലിൽ ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും വിപണിയിൽ സുസ്ഥിരത നിലനിർത്തുന്നതിനും നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയും തലസ്ഥാന ഗവർണറേറ്റിൽ മറ്റൊരു വ്യാപാര സ്ഥാപനം ഇതേ കാരണത്താൽ അധികൃതർ അടച്ചുപൂട്ടിയിരുന്നു.
ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ നടപടികളിലൂടെ മന്ത്രാലയം നൽകുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് 17111225 എന്ന വാട്സ്ആപ്പ് നമ്പറിലോ inspection@moic.gov.bh എന്ന ഇമെയിൽ വിലാസത്തിലോ പരാതികൾ അറിയിക്കാവുന്നതാണ്. കൂടാതെ ദേശീയ പരാതി പരിഹാര സംവിധാനമായ തവാസുൽ വഴിയും പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.