പൊലിസ് നടപടികൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഏഷ്യൻ വംശജൻ ബഹ്‌റൈനിൽ അറസ്റ്റിൽ

മനാമ: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഏഷ്യൻ വംശജനെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് ഇയാളെ പിടികൂടിയത്.

സുരക്ഷാ ചെക്ക്‌പോസ്റ്റിൽ പോലിസ് ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും, തുടർന്ന് ഈ വീഡിയോ ക്ലിപ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ പ്രവൃത്തി രാജ്യത്തെ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

അറസ്റ്റിലായ വ്യക്തിക്കെതിരെ ആവശ്യമായ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ഒരുങ്ങുകയാണെന്നും ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കണമെന്നും, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Man arrested in Bahrain for circulating videos of police operations social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.