മനാമ: ബഹ്റൈനിലെ മലപ്പുറം സ്വദേശികൾക്കായി ആരംഭിച്ച മലപ്പുറം ജില്ല പ്രവാസി കൂട്ടായ്മയിൽ തുടക്കത്തിലേ വിമത നീക്കം. കമ്മിറ്റി രൂപവത്കരണത്തിന്റെ പ്രഥമഘട്ടമെന്ന നിലക്ക് നിർമിച്ച വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് താൽകാലിക ഗ്രൂപ് അഡ്മിന്റെ പ്രവൃത്തികളിൽ തൃപ്തരാവാതിരുന്ന ഒരു വിഭാഗം മറ്റൊരു വാട്സാപ് ഗ്രൂപ്പുമായി രംഗത്തെത്തുകയായിരുന്നു. കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ച അംഗങ്ങളാണ് ഗ്രൂപ്പിൽനിന്ന് മാറിനിന്നത്.
ഗ്രൂപ് വിട്ടിറങ്ങിയ അംഗങ്ങൾ കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ആദ്യം നിർമിച്ച ഗ്രൂപ്പിൽ ശേഷിക്കുന്ന അംഗങ്ങൾ നിലവിലുള്ള മലപ്പുറം ജില്ല അസോസിയേഷനുമായി ചേർന്നു പോവാനുള്ള തീരുമാനത്തിലാണ്. അതിനായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പേ രൂപവത്കരിച്ച മലപ്പുറം ജില്ല അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കെതിരെ നേരത്തേ തന്നെ വിമർശനങ്ങളും ആരോപണങ്ങളുമുണ്ടായിരുന്നു.
പുതിയ അംഗങ്ങളെ പരിഗണിക്കാത്തതും പ്രവർത്തനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനെ പലരും അവഗണിച്ചിരുന്നത്. 16 നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിച്ച് അംഗങ്ങൾ അസോസിയേഷനിലില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെ തള്ളുന്നുവെന്നും അസോസിയേഷനിലേക്ക് ആർക്ക് വേണമെങ്കിലും എപ്പോഴും കടന്നുവരാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മലപ്പുറം ജില്ല അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം അറിയിച്ചു.
കൂടാതെ വരുന്ന ജൂൺ ഏഴിന് അസോസിയേഷന്റെ 20ാം വാർഷികം ആഘോഷിക്കാനിരിക്കയാണെന്നും പുതിയ കമ്മിറ്റി വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയും നിലവിൽ ജില്ലക്കെതിരെ വരുന്ന വ്യാജ പ്രചാരണങ്ങളെയും മറ്റും ചെറുക്കുക, വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഒരു വിഭാഗം ജില്ല പ്രവാസി കൂട്ടായ്മ എന്ന സംഘടന നിർമിക്കാൻ തീരുമാനിച്ചത്. അതിനായി നിർമിച്ച വാട്സാപ് ഗ്രൂപ്പിലാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.