ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും മതേതരരാജ്യമായും ഇനിയുള്ള കാലവും നിലനിൽക്കണമോ വേണ്ടയോ എന്ന ഭീതിജനകമായ ചോദ്യചിഹ്നമായി മാറിയ ഒരു പൊതു തെരഞ്ഞെടുപ്പിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഓരോ ജനാധിപത്യ, മതേതര വിശ്വാസിയും. മാഹി കോളജിലെ പഠനകാലത്ത് കെ.എസ്.യുവിന്റെ കോളജ് യൂനിയൻ അംഗമായും യൂനിറ്റ് കമ്മിറ്റി ഭാരവാഹിയായുമാക്കെ നിറഞ്ഞുനിന്നിരുന്നു.
പക്ഷേ, കോളജ് പഠനശേഷം ഫാഷിസത്തിന്റെ രഹസ്യ അജണ്ടകളെക്കുറിച്ച് ആ കാലഘട്ടത്തിൽതന്നെ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അതിനെതിരെ ശക്തമായ എതിർപ്പുകളും പ്രതിരോധങ്ങളും തീർക്കുന്ന ഇടതുപക്ഷത്തോട് താൽപര്യം തോന്നുകയും അതിന്റെ ഭാഗമാകാൻ തീരുമാനിക്കുകയുമായിരുന്നു.
ന്യൂയോർക്കും ന്യൂഡൽഹിയും കഴിഞ്ഞാൽ ന്യൂ എന്ന് ചേർത്ത് വായിക്കാൻ അന്നെനിക്ക് അറിയാവുന്ന ന്യൂമാഹി എന്ന മയ്യഴിപ്പുഴയുടെ മറുതീരം, കണ്ണൂർ ജില്ലയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ന്യൂ മാഹി പഞ്ചായത്തിലെ (പെരിങ്ങളം മണ്ഡലം) തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ഭാഗമായാണ് ആ കാലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. രാവിലെ എട്ടുമണിക്ക് എത്തണമെന്ന് പറഞ്ഞ് ഓരോ ദിവസത്തെ വൈകുന്നേരങ്ങളിൽ പിരിയുകയും പിറ്റേന്ന് രാവിലെ ഏഴരക്കുതന്നെ എത്തുകയും ചെയ്യുന്ന ഗോപാലേട്ടൻ എന്ന എക്സ് മിലിട്ടറിക്കാരന്റെയും യു.പി സ്കൂൾ അധ്യാപകനായ ഭാസ്കരൻ മാഷിന്റെയും നേതൃത്വത്തിലുള്ള ഇടത് പക്ഷത്തിന്റെ ചിട്ടയോടെയുള്ള പ്രവർത്തനവും സ്ക്വാഡ് വർക്കും രണ്ടും മൂന്നും ഘട്ടങ്ങളായുള്ള വീടു കയറ്റങ്ങളും അന്നുവരെയുള്ള ജീവിത അനുഭവങ്ങളിൽനിന്ന് വേറിട്ടതായിരുന്നു.
ചിട്ടയായും തുടർച്ചയായും നടത്തിയ ആഴ്ചകളിലെ പ്രവർത്തനത്തിനുശേഷം സംഘർഷഭരിതമായ തെരഞ്ഞെടുപ്പ് ദിവസം മൂന്ന് മുന്നണികളും ഇടക്കൊക്കെ ഒരൽപം മയത്തോടെയും ഏറെയും സമയം കാലുഷ്യത്തോടെയും പൊരുതി തീർക്കുന്നതും വൈകുന്നേരമാകുമ്പോൾ എല്ലാവരും കുശലം പറഞ്ഞു സ്നേഹത്തോടെ മെല്ലെ മെല്ലെ ഉള്ളിൽ തുടക്കമിടുന്ന പിരിമുറുക്കത്തോടെ മൗനമായി പിരിഞ്ഞുപോകുന്നതും എന്നും ഓർമകളിലെ ആനന്ദമായി നിറഞ്ഞുനിൽക്കുന്ന അനുഭവങ്ങളാണ് .
ഒടുവിൽ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത കാലഘട്ടത്തിൽ അന്നത്തെ പഞ്ചായത്ത് ഭരിച്ച മുന്നണിയുടെ നേതാവിന്റെ വളരെ വ്യക്തതയുള്ള ഒരു ക്രമക്കേട് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ വെറുപ്പ് തീർക്കാൻ പഞ്ചായത്ത് മേധാവിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ഒരു കള്ളക്കേസ് ഉണ്ടാക്കിയപ്പോൾ സംഭവത്തിൽ വെറുപ്പ് തോന്നിയ പിതാവ് പെട്ടെന്ന് തന്നെ എനിക്ക് ഒരു ഫ്രീ വിസ വാങ്ങി ഇവിടേക്ക് വണ്ടികയറ്റുകയായിരുന്നു.
എട്ടു മാസത്തിനുശേഷമുള്ള ഒരു റമദാൻ സുബഹിയിൽ ഒന്നും ഒന്നും മിണ്ടാതെ ഒരു ദിവസം പെട്ടെന്ന് പിതാവ് അനന്തതയിലേക്ക് മാഞ്ഞുപോയതും അന്ന് സ്പോൺസറെ കണ്ട് റിട്ടേൺ അടിച്ച് ബോംബെ വഴി നാട്ടിലെത്താനുള്ള കാലതാമസം കാരണം ഉപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയതും ഒരിക്കലും ഓർക്കാനാവാത്ത ഒരു നൊമ്പരമായി ഇന്നും ഉള്ളിൽ വിങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.