ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പത്രസമ്മേളനത്തിൽ സംസാരിക്കുന്നു

സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും- എം.എ. യൂസുഫലി

മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങളിൽ ലുലു ഗ്രൂപ് സജീവ പങ്കാളിയാണെന്നും വിപണിയിലെ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി. ഭക്ഷ്യവിതരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ബഹ്റൈനിലെത്തിയതായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യത്തിലും ബഹ്റൈന്‍റെ ഭക്ഷ്യ സുരക്ഷ പദ്ധതികൾക്ക് കരുത്തുപകരുകയാണ് ലുലു ഗ്രൂപ്. അന്താരാഷ്ട്ര തലത്തിലുള്ള തങ്ങളുടെ വിതരണ ശൃംഖല സജീവമാക്കിയാണ് ലുലു ബഹ്റൈന് തുണയാകുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ചകളിൽ മാത്രം 650 ടൺ ഭക്ഷ്യസാധനങ്ങളാണ് ലുലു വിമാനമാർഗം രാജ്യത്തെത്തിച്ചത്. പച്ചക്കറികൾ, പഴങ്ങൾ, മാംസം, മറ്റ് ഗ്രോസറി സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ 70 പ്രത്യേക കാർഗോ വിമാനങ്ങളിലായാണ് ബഹ്‌റൈനിലെത്തിച്ചത്.

ഗൾഫ് എയറുമായി സഹകരിച്ചും പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴിയുമാണ് ഈ ദൗത്യം നടപ്പിലാക്കിയത്. വിമാനമാർഗം എത്തിച്ച 650 ടണ്ണിന് പുറമെ 600 ടൺ സാധനങ്ങൾ റോഡ് മാർഗവും 300 ടൺ സാധനങ്ങൾ കടൽ മാർഗവും ലുലു ഗ്രൂപ് ബഹ്‌റൈനിലെത്തിച്ചിട്ടുണ്ട്. ഇതോടെ മൊത്തം 1500 ടണ്ണിലധികം സാധനങ്ങൾ രാജ്യത്തെത്തിക്കഴിഞ്ഞു. ലോകത്തെ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നാണ് ലുലു ഈ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. ആഗോളതലത്തിലുള്ള വിതരണ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുമെന്നും ലുലു ഗ്രൂപ് വ്യക്തമാക്കി.

Tags:    
News Summary - M.A. Yusuffali says Will work closely with government agencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.