ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക്​

മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ്​ ശൃംഖലയായ ലുലു ഗ്രൂപ്പ്​ ഇന്‍റർനാഷനൽ ഓഹരി വിപണിയിലേക്ക്​. അടുത്ത വർഷം ആദ്യം യു.എ.ഇയിൽ പ്രാഥമിക ഓഹരി വിൽപനയിലേക്ക്​ കടക്കുമെന്നാണ്​ സൂചന. ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിൽ എത്തുന്നുവെന്ന വാർത്ത കുറച്ച് കാലങ്ങളായി വിപണിയിൽ നിറഞ്ഞു നിന്നിരുന്നു. ലുലു ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി ഗൾഫിലുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് പ്രവാസികളായ മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​. ഓഹരി വിപണിയിൽ പ്രവേശിക്കുന്ന വിവരം ലുലു ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ലിസ്റ്റിങ്​ എവിടെയാണ്​, എത്ര തുകയുടെ ഓഹരി വിൽപനയാണ്​ നടത്തുന്നത്​ എന്നീ കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഓഹരി വിൽപനക്കുള്ള പ്രാഥമിക നടപടികളിലേക്ക്​ ലുലു ഗ്രൂപ്പ്​ കടന്നതായാണ്​ കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്യുന്നതി​ന്‍റെ സാധ്യതകൾ കണ്ടെത്താൻ ലുലു ഗ്രൂപ്പ്​ ആഗോള ബാങ്കുകളെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. ഗൾഫിലെ വിവിധ സ്​റ്റോക്ക്​ എക്സ്​ചേഞ്ചുകളിലെ ലിസ്റ്റിങ്ങും പരിഗണിക്കുന്നുണ്ട്​.

ഇന്ത്യൻ വ്യവസായ പ്രമുഖനായ എം.എ യൂസുഫലി ആരംഭിച്ചതാണ്​ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്​. ഗൾഫ്​ മേഖലയിലെ എണ്ണക്കുതിപ്പിന്‍റെ കാലത്ത്​ 1990ലാണ്​ ആദ്യ ലുലു സ്​റ്റോർ ആരംഭിച്ചത്​. ഷോപ്പിങ്​ മാളുകൾക്ക്​ പുറമേ, ഹോസ്പിറ്റാലിറ്റി, ഷിപ്പിങ്​, റിയൽ എസ്​​റ്റേറ്റ്​ മേഖലയിലും ലുലു ഗ്രൂപ്പ്​ കരുത്ത്​ തെളിയിച്ചു. 2020ലെ കണക്കുപ്രകാരം അഞ്ച്​ ബില്യൺ ഡോളറിൽ അധികമാണ്​ ലുലു ഗ്രൂപ്പി​​ന്‍റെ മൂല്യം. എട്ട്​ ബില്യൺ ഡോളറാണ്​ കമ്പനിയുടെ വാർഷിക വിറ്റുവരവ്​. മിഡിൽ ഈസ്റ്റ്​, ഏഷ്യ, യു.എസ്​, യൂറോപ്പ്​ എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ 57000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

അതേസമയം കേട്ടുകേൾവിയെക്കുറിച്ച്​ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ്​ ഇതുസംബന്ധിച്ച ചോദ്യത്തോട്​ ലുലു ഗ്രൂപ്പ്​ കമ്യൂണിക്കേഷൻസ്​ ഡയറക്ടർ വി. നന്ദകുമാർ പ്രതികരിച്ചത്​.

ലുലു ഗ്രൂപ്പ്​ ഇന്‍റർനാഷണലിൽ നിക്ഷേപത്തിനുള്ള സാധ്യത സൗദി അറേബ്യയുടെ സോവറിൻ വെൽത്ത്​ ഫണ്ട്​ തേടുന്നുണ്ട്​. 2020ൽ കമ്പനിയുടെ അഞ്ചിലൊന്ന്​ ഓഹരികൾ അബുദാബിയിലെ എ.ഡി.ക്യൂ ഏറ്റെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.