മനാമ: ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായ 113 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുന്നതിനായി ജൂൺ 15 മുതൽ 21 വരെ 1,901 പരിശോധനാ സന്ദർശനങ്ങളും 15 സംയുക്ത കാമ്പെയിനുകളും നടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു.
നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), വ്യവസായ, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധനകൾ നടത്തിയത്.ഏറ്റവും കൂടുതൽ സംയുക്ത കാമ്പെയിനുകൾ നടന്നത് ക്യാപിറ്റൽ ഗവർണറേറ്റിലാണ് (ആറ്). തുടർന്ന് മുഹറഖ് ഗവർണറേറ്റ് (നാല്), നോർത്തേൺ ഗവർണറേറ്റ് (മൂന്ന്), സതേൺ ഗവർണറേറ്റ് (രണ്ട്) എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു.
കഴിഞ്ഞ വർഷം ജനുവരിമുതൽ ഇതുവരെ 81,066 പരിശോധനാ സന്ദർശനങ്ങളും 1,139 സംയുക്ത കാമ്പെയിനുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി 3,207 നിയമലംഘനങ്ങൾ കണ്ടെത്താനും 9,492 നിയമലംഘകരായ തൊഴിലാളികളെ നാടുകടത്താനും സാധിച്ചു. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കുമെന്നും എൽ.എം.ആർ.എ. അറിയിച്ചു.നിയമവിരുദ്ധമായ തൊഴിൽ രീതികളും നിയമലംഘനങ്ങളും www.Imra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിലോ ‘തവാസുൽ’ വഴിയോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.