മനാമ: മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നേരത്തേ ഏകദേശം 400 ഡോളർ (35,000 രൂപ) വരെ അയക്കാൻ സാധിച്ചിരുന്നത് 150 ഡോളർ (13,000 രൂപ) ആയി കുറക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചത്. പഴയ നില പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ ചെയർമാന് ഐ.സി.എഫ് കത്തയച്ചു. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ഗൾഫ് പര്യടനത്തിനിടെ മസ്കത്തിൽ വെച്ച് നിവേദനം നൽകി. മാലദ്വീപിൽ നിന്ന് ഇന്ത്യക്കാർക്ക് നാട്ടിലേക്കുള്ള പണമിടപാടുകളുടെ പ്രധാന മാർഗങ്ങളിലൊന്നാണ് എസ്.ബി.ഐ. തുകയിൽ പരിധി വെച്ചതുകാരണം പ്രവാസി അധ്യാപകർ ഉൾപ്പെടെയുള്ള മാലദ്വീപിൽ കഴിയുന്ന ഇന്ത്യക്കാർ കടുത്ത ബുദ്ധിമുട്ടിലാണ്. കുടുംബത്തെ പിന്തുണക്കുക, വായ്പകൾ തിരിച്ചടക്കുക. നാട്ടിലെ വീട്ടുചെലവുകൾ നിർവഹിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പുതിയ പരിധി അപര്യാപ്തമാണ്. ഈ പ്രതിസന്ധി പ്രവാസികളുടെ മനോവീര്യത്തെ ബാധിക്കുമെന്നും വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അയക്കാനുള്ള പരിധി വെട്ടിച്ചുരുക്കിയ നടപടി പിൻവലിക്കണമെന്നും പ്രവാസികൾക്ക് സുഗമമായ ബാങ്കിങ് സേവനങ്ങൾ ലഭിക്കാനുള്ള തീരുമാനങ്ങൾ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് മാലദ്വീപ് മോണിറ്ററി അതോറിറ്റിയുമായും (എം.എം.എ) ബന്ധപ്പെട്ട ബാങ്കിങ് സ്ഥാപനങ്ങളുമായും ഇടപെടാൻ മാലദ്വീപിലെ ഇന്ത്യൻ എംബസി നിർദേശം നൽകണമെന്ന് വിദേശ കാര്യമന്ത്രാലയത്തോടും അഭ്യർഥിച്ചു. മസ്കത്തിൽ നടന്ന പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തിൽ ഐ.സി.എഫ് ഇൻറർനാഷനൽ ജനറൽ സെ ക്രട്ടറി നിസാർ സഖാഫി, സെക്രട്ടറി റാസിഖ് ഹാജി, ഒമാൻ നാഷനൽ ജനറൽ സെക്രട്ടറി ഹമീദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.