മനാമ: മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ശത്രുതാപരമായ നടപടികൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി പാലിക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ യു.എന്നിലെ ബഹ്റൈന്‍റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഇ ആണ് രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
ബഹ്റൈൻ ഉൾപ്പെടെയുള്ള പ്രാദേശിക രാജ്യങ്ങൾക്ക് നേരെ സമീപദിവസങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്‍റെയും നഗ്നമായ ലംഘനമാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഇറാന്‍റെ ഇത്തരം പ്രകോപനപരമായ നടപടികൾ അന്താരാഷ്ട്ര സമാധാനത്തിനും ജനങ്ങളുടെ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ആണവ സാങ്കേതികവിദ്യ കൈമാറുന്നതിലെ നിയന്ത്രണങ്ങളും സമ്പുഷ്ടീകരണ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും ആസ്തി മരവിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഇറാൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
1737-ാം നമ്പർ സുരക്ഷാ കൗൺസിൽ പ്രമേയം അനുസരിച്ചുള്ള അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റാൻ ഇറാൻ ബാധ്യസ്ഥരാണെന്നും, നിലവിലെ സാഹചര്യങ്ങൾ അതീവ ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.