മനാമ: തെരുവിൽ സ്ഥാപിച്ചിട്ടുള്ള ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള കണ്ടെയ്നറുകളുടെ ലൈസൻസിങ് നിയന്ത്രിക്കാനും വ്യവസ്ഥാപിതമാക്കാനുമുള്ള നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. സുരക്ഷാപ്രശ്നങ്ങളും കാഴ്ചക്കുണ്ടാക്കുന്ന അപാകതകളും സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വ്യാപകമായ ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കൗൺസിലർ മുഹമ്മദ് ദറാജ് സമർപ്പിച്ച ഈ നിർദേശത്തിന്, കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന വിശദമായ പഠനത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. പലപ്പോഴും ജീവകാരുണ്യപ്രവർത്തനത്തിനായി സ്ഥാപിക്കപ്പെടുന്ന ഈ കണ്ടെയ്നറുകൾ, മതിയായ നിയന്ത്രണം ഇല്ലാത്തതിനാൽ നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുകയും സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കൗൺസിൽ കണ്ടെത്തി.
കണ്ടെയ്നറുകൾ പൊതു സുരക്ഷക്ക് ഭീഷണിയാകുന്നു എന്നതായിരുന്നു കൗൺസിൽ അവലോകനത്തിലെ ഏറ്റവും ഗൗരവമുള്ള വിഷയം. കുട്ടികൾ ഇതിനുള്ളിൽ നിന്ന് വസ്ത്രങ്ങൾ എടുക്കാൻ ശ്രമിക്കുമ്പോൾ തല കയറി കുടുങ്ങി അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ കട്ടിയുള്ള ലോഹ ഫ്ലാപ്പുകൾ 'ഗില്ലറ്റിൻ' പോലെ പ്രവർത്തിച്ചേക്കാം. അപൂർവമായി, ഇത്തരം പെട്ടികളിൽ നവജാത ശിശുക്കളെ ഉപേക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജീവകാരുണ്യ സംഘടനകളുടെ സമീപത്താണ് ശേഖരണ പെട്ടികൾ സ്ഥാപിക്കേണ്ടതെന്ന നിയമം നിലനിൽക്കെ, അവ ഫുട്പാത്തുകളിലും ഇടവഴികളിലും വീടുകൾക്കരികിലുമെല്ലാം തോന്നിയ പോലെ വെച്ചിരിക്കുകയാണ്.
പുതിയ നിർദേശപ്രകാരം, വസ്ത്രശേഖരണ കണ്ടെയ്നറുകൾ സ്ഥാപിക്കുന്നതിന് ലൈസൻസിങ് സംവിധാനം നടപ്പാക്കും. കലക്ഷൻ ബോക്സുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി അംഗീകരിച്ച പ്രത്യേക സ്ഥലങ്ങൾ മാത്രം നിശ്ചയിക്കും. ലൈസൻസിങ് ഫീസ് ഏർപ്പെടുത്തുന്നത് വഴി മുനിസിപ്പൽ വരുമാനം വർധിപ്പിക്കാനും, ചാരിറ്റി സ്ഥാപനങ്ങൾ കണ്ടെയ്നറുകളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരാകാനും കാരണമാകും. കണ്ടെയ്നറുകൾ കൃത്യമായി കാലിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാലിന്യനിക്ഷേപത്തിനോ വാണിജ്യ ആവശ്യത്തിനോ ഇവ ഉപയോഗിക്കുന്നില്ലെന്ന് നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തും. അംഗീകരിച്ച നിർദേശം മുനിസിപ്പൽകാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന്റെ അവലോകനത്തിനായി ഔദ്യോഗികമായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.