രക്തദാന ക്യാമ്പിനോടനുബന്ധിച്ച് കെ.എം.സി.സി ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനം
കെ.എം.സി.സി 40ാം സമൂഹ രക്തദാന ക്യാമ്പ് നാളെ
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ.എം.സി.സി ബഹ്റൈൻ 40ാം സമൂഹ രക്തദാന ക്യാമ്പ് 23ന് സൽമാനിയ മെഡിക്കൽ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 40ാമത് സമൂഹ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്നുവരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മൈജി ഇന്റർനാഷനലാണ് കെ.എം.സി.സി രക്തദാന ക്യാമ്പിന്റെ സഹകാരികൾ.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ‘ജീവസ്പര്‍ശം’എന്നപേരില്‍ കെ.എം.സി.സി 15 വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. 2009ലാണ് ശിഹാബ് തങ്ങൾ സ്മരണാർഥം കെ.എം.സി.സി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്.
ഇതിനകം 6100 പേരാണ് ‘ജീവസ്പര്‍ശം’ക്യാമ്പ് വഴി രക്തം നൽകിയത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തം നൽകുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്.
രക്തദാന സേവനത്തിന് മാത്രമായി www.jeevasparsham.com എന്ന വെബ്സൈറ്റും ബ്ലഡ് ബുക്ക് എന്ന പേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 23ന് നടക്കുന്ന ക്യാമ്പിന് മുന്നോടിയായി വളന്റിയർ, റജിസ്ട്രേഷന്, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന് തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് രക്തദാന ക്യാമ്പിന്റെ വിജയത്തിനായി കർമരംഗത്ത് സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
രക്തദാന ക്യാമ്പിൽ ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍, ഇന്ത്യൻ എംബസി പ്രതിനിധികളുൾപ്പെടെ പ്രമുഖര്‍ സൽമാനിയ മെഡിക്കൽ സെന്ററിലെ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവര്ക്ക് 33161984, 34599814 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാം. വാഹന സൗകര്യം ആവശ്യമുള്ളവർ 39903647 ഈ നമ്പറിൽ ബന്ധപ്പെടുക.
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, സെക്രട്ടറിമാരായ ഫൈസൽ കണ്ടിത്താഴ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് മഞ്ചേശ്വരം (രക്തദാന ക്യാമ്പ് കൺവീനർ), അഷ്റഫ് തോടന്നൂർ (രക്തദാന ക്യാമ്പ് കോഓഡിനേറ്റർ), ഇസ്ഹാഖ് വില്യാപ്പിള്ളി, റിയാസ് മണിയൂർ, റിയാസ് ഒമാനൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.