മോഹൻലാലിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കൈകളിൽ കാമറയുമായി കിരീടം ഉണ്ണി
മനാമ: നടന വിസ്മയം മോഹൻലാലിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കൈയിൽ ക്യാമറയുമായി നടക്കുന്ന ഒരു കലാകാരൻ ബഹ്റൈനിലുണ്ട്. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും തന്റേതായ സർഗ്ഗാത്മക മുദ്ര പതിപ്പിച്ച കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ കിരീടം ഉണ്ണിയെന്ന അരുൺകുമാറാണ് ആ കലാകാരൻ. ക്യാമറക്കണ്ണിലൂടെ കാഴ്ചകളെ വിസ്മയങ്ങളാക്കി മാറ്റുന്ന ഉണ്ണി ബഹ്റൈനിൽ പ്രവാസിയായി എത്തിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു.
മൾട്ടിമീഡിയയിൽ ബിരുദം നേടിയ ഉണ്ണി ബഹ്റൈൻ ജയ്ഹിന്ദ് ടി.വിയിൽ ക്യാമറാമാനായി പ്രവർത്തിച്ചു കൊണ്ടാണ് പ്രൊഫഷണൽ രംഗത്ത് സജീവമായത്. ബഹ്റൈനിൽ ഏറെ ശ്രദ്ധേയമായ വിഷുക്കണി, നടന (ട്രൈബ്യൂട്ട് ടു മോഹൻലാൽ), കൾച്ചർ വൾച്ചർ (ഫോട്ടോ സ്റ്റോറി), ദോ നൈന, ക്യാൻ ബി ടച്ച്ഡ്, വീണ്ടും വിഷു, ഇത്ര ദൂരം തുടങ്ങിയ ഹ്രസ്വചിത്രങ്ങൾക്കും 'വൺസ് അപൺ എ ചാറ്റ്' എന്ന പോഡ്കാസ്റ്റിനും ക്യാമറ ചലിപ്പിച്ചത് ഉണ്ണിയാണ്. കൂടാതെ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയ നിരവധി വൈറൽ ഫോട്ടോഷൂട്ടുകളുടെയും റീലുകളുടെയും ക്യാമറയ്ക്ക് പിന്നിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഭിനയവിസ്മയം മോഹൻലാലിന്റെ കടുത്ത ആരാധകനാണ് ഉണ്ണി.
അദ്ദേഹത്തോടുള്ള ആരാധന ഉണ്ണിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണ്. 'ലാലേട്ടൻ' എന്നത് ഇഷ്ടത്തിനും ആരാധനയ്ക്കും അപ്പുറം ഹൃദയത്തിൽ പതിഞ്ഞൊരു വികാരമാണെന്ന് ഉണ്ണി പറയുന്നു. അദ്ദേഹത്തിന്റെ സിനിമകളോടുള്ള അടങ്ങാത്ത ആരാധനയുടെ അടയാളമായാണ് സ്വന്തം പേരിനൊപ്പം ‘കിരീടം’ എന്ന വിശേഷണം ചേർത്തത്. ആരാധന അത്രമേൽ ആഴത്തിലുള്ളതാണെന്നതിന് മറ്റൊരു തെളിവാണ് കൈത്തണ്ടയിൽ പതിപ്പിച്ചിരിക്കുന്ന ‘ലാലേട്ടൻ’ എന്ന ടാറ്റൂ.
കൂടാതെ ബഹ്റൈനിലെ മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ കൂട്ടായ്മയായ ലാൽ കെയർസിന്റെ വൈസ് പ്രസിഡന്റ് ആയും ഉണ്ണി പ്രവർത്തിച്ചു വരുന്നു. ബഹ്റൈനിൽ ഡ്രാഫ്ട്സ് പേഴ്സൺ ജോലി ചെയ്യുന്ന ആതിരയാണ് ഉണ്ണിയുടെ ഭാര്യ.
നിലവിൽ ബഹ്റൈനിലെ ഇവന്റസ് കമ്പനിയായ മാജിക് ബബിൾസ് മോഷൻ പിക്ചേഴ്സിൽ പ്രൊഡക്ഷൻ ഹെഡ് ആയി പ്രവർത്തിക്കുന്ന ഉണ്ണിയുടെ മനസ്സ് നിറയെ സിനിമയാണ്. ക്യാമറയ്ക്കു പിന്നിൽ നിന്ന് സിനിമയുടെ വിശാലമായ ലോകത്ത് സജീവമാകണമെന്നാണ് ആഗ്രഹം. സിനിമയോടുള്ള പ്രണയം ഒരു ദിവസം തന്റെ സ്വപ്നവഴികളിലേക്ക് തന്നെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ഉണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.