പിതൃഹൃദയത്തിന്റെ നിശബ്ദരാഗങ്ങൾ
കുറ്റക്കാരല്ലെൻ മക്കൾ,
അവരൊരിക്കലും
അച്ഛനെ മറന്നിട്ടുമില്ല.
അരികിലുണ്ടവർ എന്നും
എൻ തണലായി പെയ്തു-
മൊപ്പമുണ്ടെന്ന കരുതലേകീടുന്നു.
അകന്നിട്ടില്ലവർ തെല്ലും ഈ അച്ഛനിൽ നിന്നും,
അവരുടെ സ്നേഹമെൻ ശ്വാസമായ് മാറുന്നു!
വാനോളം ഉയരത്തിൽ അവർ വളർന്നീടിലും,
വലിയ മക്കളായ് പേരെടുത്തീടിലും,
അച്ഛന്റെ കണ്ണിലവർ എന്നും,
എൻ വിരൽ തുമ്പിൽ തൂങ്ങിയ കൊച്ചുമക്കൾ!
എത്ര വളർന്നാലും പിതൃമനസ്സിൽ,
ആ പഴയ കുരുന്നുകൾ മാത്രമാണവർ.
തോളിലേറ്റിക്കൊണ്ടു ഞാൻ കാട്ടിയ ലോകത്തിൽ,
തോൽക്കാതെ മുന്നേറി നീങ്ങുന്നിതവർ ഇന്ന്.
അവരുടെ തിരക്കുകൾ, ജീവിതപ്പാച്ചിലുകൾ,
അതിലവർ വ്യാപൃതരാകുന്ന നേരം,
ഒരു ചെറു നോവുപോലും വരാതിരിപ്പാൻ
ഉരുകുന്നിതുള്ളിൽ എരിയുന്നൊരച്ഛൻ.
പകൽവെളിച്ചത്തിൽ ഞാൻ പുഞ്ചിരി തൂകിലും,
പതിയെ ഇരുളുന്ന രാവിന്റെ യാമങ്ങളിൽ,
നെഞ്ചുപൊട്ടുന്നൊരെൻ ഉള്ളിലെ വേദനകൾ,
നെടുവീർപ്പുകളായ് ഞാൻ മാറ്റിടുന്നു.
ആരും കാണാതെ, ചുവരുകൾക്കിടയിൽ ഞാൻ
ആരുമറിയാതെ കണ്ണീരൊഴുക്കുന്നു.
കണ്ണിലെ നനവും, എൻ ഉള്ളിലെ വിങ്ങലും
പൊൻമക്കളാരും അറിവതില്ല;
അവർക്കായ് തുടിയ്ക്കുമീ നെഞ്ചിൻ തേങ്ങൽ
അറിയാതെ അവർ തൻ ലോകത്തിൽ വാഴുന്നു.
അച്ഛന്റെ വ്യാകുലതകൾ, വേവലാതികൾ,
ആരോടും പറയാതെ ഉള്ളിൽ ഒതുക്കുന്നു.
ഒരു നേട്ടവും മോഹിച്ചല്ലീ ജന്മം പകുത്തത്,
ഒരു പണവും പദവിയും വേണ്ടേ വേണ്ട,
അവർ നന്മയോടെ, സുഖമായ് വാഴുകിൽ,
അതുമാത്രം മതിയീ ജന്മ സാഫല്യമായ്.
വിജയങ്ങൾ ഓരോന്നവർ നേടിടുമ്പോഴും,
വിദൂരതയിൽ നിന്നു ഞാൻ കൈയടിച്ചിടുന്നു.
എൻശ്വാസം നിലയ്ക്കും വരേയ്ക്കുമീ മണ്ണിൽ,
എൻനിശ്ശബ്ദ കണ്ണീരവർക്ക് കാവലായ് മാറും.
അവർ നന്മതൻ പാതയിൽ മുന്നേറിടട്ടെയെന്നു-
മനുഗ്രഹമേകുമീ അച്ഛന്റെ മാനസം.
തിരിച്ചറിയാത്തൊരീ സ്നേഹത്തിൻ നൊമ്പരം
തിരശ്ശീലയ്ക്കപ്പുറം ഞാൻ കാത്തു വെയ്ക്കുന്നു!
നെഞ്ചുപൊട്ടി ഞാൻ കരയുമീ രോദനങ്ങൾ,
നെടുവീർപ്പിലൊടുങ്ങുമെൻ ആത്മനാഥങ്ങൾ,
മക്കളറിയാതെ, മണ്ണടിയും വരെയുമെൻ
ഉള്ളിൽ കിടന്നു നീറുമീ പ്രാർത്ഥനകൾ!
അവർ വാഴട്ടെതൻ ലോക വിജയങ്ങളിൽ,
ഞാൻ ഉരുകട്ടെ ഈ നിശബ്ദ കണ്ണീരുകളിൽ.
മരണത്തിൻ ദൂതനെൻ അരികിലെത്തും നാളും,
മക്കൾക്കായ് മാത്രമീ കൈകൾ കൂപ്പീടും ഞാൻ.
അറിയേണ്ടതില്ലവർ അച്ഛന്റെ വേദനകൾ,
അറിയേണ്ടതില്ലീ ചോര വാർന്നൊഴുകും മനസ്സ്.
അവരുടെ പുഞ്ചിരി മാത്രം കണ്ടു കണ്ണടയ്ക്കാൻ,
അവസാന ശ്വാസത്തിലും കാത്തു നില്പൂ ഞാൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.