പഴങ്ങൾ വിൽക്കാനെന്ന വ്യാജേന ബാങ്ക് തട്ടിപ്പ്; മുന്നറിയിപ്പുമായി ബഹ്റൈൻ ആന്റി കറപ്ഷൻ ഡയറക്ടറേറ്റ്
മനാമ: ഓൺലൈൻ വഴി പഴവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന നടക്കുന്ന സാമ്പത്തിക ബാങ്ക് വിവര തട്ടിപ്പുകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി. തട്ടിപ്പുകാർ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനും പണമടയ്ക്കാനുമായി അയക്കുന്ന വ്യാജ ലിങ്കുകളിൽ കുടുങ്ങി ബാങ്ക് വിവരങ്ങൾ നൽകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന പേരിൽ പരസ്യങ്ങൾ നൽകുകയും, തുടർന്ന് പണമടയ്ക്കാൻ പറയുന്ന ലിങ്കുകൾ വഴി ഉപഭോക്താക്കളെ വ്യാജ വെബ്പേജുകളിൽ എത്തിക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ബാങ്ക് കാർഡ് നമ്പർ, എക്സ്പെയറി തീയതി, സുരക്ഷാ കോഡ് (സി.വി.വി) എന്നിവ ശേഖരിച്ച് പിന്നീട് അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യം.
ബാങ്ക് വിവരങ്ങൾ നൽകാനുള്ള കോളം കണ്ടതുകൊണ്ട് മാത്രം വെബ്സൈറ്റ് സുരക്ഷിതമാണെന്ന് കരുതരുതെന്ന് അധികൃതർ വ്യക്തമാക്കി. വിൽപനക്കാരൻ അയക്കുന്ന ലിങ്കുകളെ മാത്രം ആശ്രയിക്കാതെ, സ്വതന്ത്രമായി സ്ഥാപനത്തിന്റെയോ വെബ്സൈറ്റിന്റെയോ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്കിൽ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഒരു കാരണവശാലും വിൽപനക്കാരനുമായി പങ്കുവെക്കരുത്.
കൂടാതെ, പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ബാങ്കിൽ നിന്ന് വരുന്ന സന്ദേശത്തിലെ തുകയും വിവരങ്ങളും കൃത്യമായി വായിച്ചു നോക്കേണ്ടതാണ്.
തട്ടിപ്പ് ലിങ്കുകളിൽ കാർഡ് വിവരങ്ങൾ നൽകിയതായി സംശയം തോന്നിയാൽ ഉടനടി ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഭാവിയിൽ പരാതി നൽകുന്നതിനായി സംഭാഷണങ്ങളും സംശയാസ്പദമായ ലിങ്കുകളും സൂക്ഷിച്ചുവെക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.