ബഹ്‌റൈനിൽ സിവിൽ സൊസൈറ്റി സംഘടനകൾക്കായി പുതിയ മാർഗരേഖ; നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രണ്ടാഴ്ച സമയം

മനാമ: ബഹ്‌റൈനിലെ വിവിധ കൂട്ടായ്മകൾ, സാംസ്‌കാരിക ക്ലബ്ബുകൾ, സ്വകാര്യ ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനായി സാമൂഹിക വികസന മന്ത്രാലയം നിർദ്ദേശിച്ച പുതിയ മാർഗ്ഗരേഖയിൽ ഭേദഗതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ചു. സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി മാർഗ്ഗരേഖ ഔദ്യോഗികമായി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് ഓർഗനൈസേഷനുകളിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്.

സാമ്പത്തിക മാനേജ്‌മെന്റ്, ഫണ്ട് ശേഖരണം, ഭരണസമിതി നിയമനങ്ങൾ, ജീവകാരുണ്യ സഹായ വിതരണം എന്നിവയിൽ കൂടുതൽ സുതാര്യതയും മികച്ച ഭരണസംവിധാനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് ദർവീഷിന്റെ സാന്നിധ്യത്തിൽ നൂറോളം പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.

പുതിയ നിബന്ധന പ്രകാരം സംഘടനയുടെ പേരിൽ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കുകയും കൃത്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും വേണം. ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും സംഭാവനകളായി ലഭിക്കുന്ന തുകയും വെവ്വേറെ സൂക്ഷിക്കണം.

പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ ശേഖരിക്കുന്നതിന് മുൻകൂട്ടി എഴുതി തയ്യാറാക്കിയ അനുമതി വാങ്ങണം. പെർമിറ്റ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം പിരിച്ചെടുത്ത തുകയും അത് ചെലവഴിച്ചതിന്റെ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണം.

രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നതിനും വിദേശത്ത് നിന്ന് ഫണ്ട് കൈപ്പറ്റുന്നതിനും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.

സുതാര്യമായ പ്രവർത്തനങ്ങൾ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം വർദ്ധിപ്പിക്കുമെന്ന് പാർലമെന്റ് സർവീസ് കമ്മിറ്റി ചെയർമാൻ എം.പി ഡോ. മുഹമ്മദ് അൽ ഒലൈവി അഭിപ്രായപ്പെട്ടു. സൊസൈറ്റികളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും മാർഗ്ഗരേഖയ്ക്ക് അന്തിമരൂപം നൽകുക.

Tags:    
News Summary - Bahrain Civil Society Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.