കേരളീയ സമാജത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കെ.ആർ മീര
സംസാരിക്കുന്നു
ജെൻസികൾ പഴയ തലമുറകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു; കെ.ആർ. മീര
മനാമ: ഭാഷയിലും വസ്ത്രത്തിലും സാംസ്കാരിക-രാഷ്ട്രീയ രംഗത്തും സമരമുഖങ്ങളിലും ജെൻസി തലമുറ പഴയ തലമുറകളുടെ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥകളെ വെല്ലുവിളിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും, കുടുംബമെന്ന വ്യവസ്ഥ പുരുഷകേന്ദ്രീകൃതവും പുരുഷനാൽ പുരുഷന്മാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതുമാണെന്ന് കെ. ആർ. മീര അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ സ്ത്രീകൾ ഇതിന്റെ ഇരകളും ചിലപ്പോഴൊക്കെ പ്രയോക്താക്കളുമായി തീരുകയാണെന്നും അവർ പറഞ്ഞു.
സ്ത്രീകൾ തന്റെ ആശയാവിഷ്കാരങ്ങൾ നിർവഹിക്കാൻ തുടങ്ങുന്ന സന്ദർഭങ്ങളിൽ പലതരം പരിഹാസങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്നുണ്ടെന്നും, പുരുഷന്മാരുടെ നാനാവിധമായ പ്രിവിലേജുകളോട് പോരാടിക്കൊണ്ടു മാത്രമാണ് ഈ കാലത്തും രചനകൾ സാധ്യമാകുന്നതെന്നും കെ. ആർ. മീര വിലയിരുത്തി. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ, കേരളത്തിലെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള തന്റെ നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ചു സംസാരിക്കുകയായിരുന്നു കെ. ആർ. മീര.
കെ. ആർ. മീരയുടെ പുസ്തകങ്ങളും സാമൂഹിക വിമർശനവും ആർക്കും അവഗണിക്കാനാവാത്ത വിധം കേരളത്തിന്റെ സാമൂഹിക മനസ്സിന്റെ പ്രതിധ്വനിയാണെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. മലയാള നോവൽ സാഹിത്യത്തിലേക്ക് ലോകോത്തരമായ ആശയങ്ങളെയും പ്രമേയങ്ങളെയും കൊണ്ടുവരുന്നതിലൂടെ ഭാഷയെയും എഴുത്തിനെയും നവീകരിക്കുന്നതിൽ കെ. ആർ. മീരയുടെ സംഭാവന ശ്രദ്ധേയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ആശംസകൾ അറിയിച്ചു. കൺവീനർ ആദർശ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.