മനാമ: സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ വലിയ മാറ്റങ്ങൾക്കുള്ള ആദ്യപടിയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി വിലയിരുത്തി.
ഭാവിയിൽ പ്രവാസികൾക്ക് നേട്ടമുണ്ടാക്കുന്ന വൻ മാറ്റങ്ങൾക്ക് പുതിയ ബജറ്റ് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് പോലും മികച്ച രീതിയിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ സന്തോഷകരമാണ്.
അതേസമയം, നിലവിൽ പ്രവാസികൾ നേരിടുന്ന ചില പ്രധാന വിഷയങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോർക്കയുടെ പ്രവാസി പെൻഷൻ, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എത്രയും വേഗം നീക്കി പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം. കൂടാതെ, നിലവിൽ 60 വയസ്സായി നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായപരിധി ചുരുങ്ങിയത് 70 വയസ്സുവരെ എങ്കിലും നീട്ടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സാധാരണക്കാർക്ക് കൂടി എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിലുള്ള പുതിയ സംവിധാനങ്ങളും ഒരുക്കങ്ങളും അനിവാര്യമാണ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേരള സർക്കാരിന് കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.