മനാമ: ബഹ്റൈനിൽ വാറ്റ് ഇനത്തിൽ 52,000-ലേറെ ദിനാർ വെട്ടിച്ചുവെന്ന കേസിൽ മൂന്ന് എക്സിക്യൂട്ടീവുകളും ഒരു കമ്പനിയും ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു.
രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ജോർഡാനിയൻ ജനറൽ മാനേജറുമാണ് കേസിലെ പ്രതികൾ. ഇതിനുപുറമെ കമ്പനിയെ ഒരു ആർട്ടിഫിഷ്യൽ പേഴ്സൺ ആയി കണക്കാക്കിയും കേസെടുത്തിട്ടുണ്ട്. 2022-നും 2025-നും ഇടയിൽ 11 ആനുകാലിക നികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടും, നിശ്ചിത കാലാവധിക്കുള്ളിൽ 52,507 ബഹ്റൈൻ ദിനാർ എൻ.ബി.ആറിലേക്ക് അടക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.
കേസിൽ ഹാജരായ 35 കാരനായ ജോർഡാനിയൻ മാനേജർ തങ്ങളുടെ ഭാഗം കോടതിയിൽ വിശദീകരിച്ചു. എൻ.ബി.ആറുമായി പേയ്മന്റ് പ്ലാൻ ചർച്ച ചെയ്ത് പ്രതിമാസ തവണകൾ കൃത്യമായി അടച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, എന്നാൽ പെട്ടെന്ന് കമ്പനിയുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ മരവിപ്പിച്ചതുമൂലം പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ബാക്കി തുക അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നതിനാൽ കൈവശം ആവശ്യത്തിന് പണമുണ്ടെങ്കിലും കടം വീട്ടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് കമ്പനിയുടെ ഫിനാൻഷ്യൽ കാര്യങ്ങളിൽ നേരിട്ട് അധികാരമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനി സ്ഥാപിച്ച 68 കാരനായ ബ്രിട്ടീഷ് പൗരൻ മൂന്ന് വർഷം മുമ്പ് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും പിന്നീട് രാജ്യം വിടുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നൽകാനുള്ള കടങ്ങൾ വീട്ടാനായി പാരന്റ് കമ്പനി പുതിയ ഭരണസംവിധാനം കൊണ്ടുവന്നിരുന്നുവെന്നും, ഇതുവരെ പലർക്കുമായി 50,000 ദിനാറോളം നൽകിയിട്ടുണ്ടെന്നും പ്രതി അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങൾക്കും പ്രതിഭാഗം സ്റ്റേറ്റ്മെന്റുകൾക്കുമായി കോടതി നടപടികൾ മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.