മാർപാപ്പയുടെ വിയോഗത്തിൽ കെ.സി.എ ബഹ്റൈൻ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽനിന്ന്
മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് കേരള കത്തോലിക്ക അസോസിയേഷൻ (കെ.സി.എ) ബഹ്റൈൻ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് ജെയിംസ് ജോൺ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ മാർപാപ്പയുടെ അസാധാരണ ജീവിതത്തെയും മാനവികതക്കുള്ള ദൗത്യത്തെയും പരാമർശിച്ചു. സമാധാനം, സ്നേഹം, സേവനം എന്നിവക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റ് മൗനം ആചരിക്കുകയും തുടർന്ന് പങ്കെടുത്ത എല്ലാവരും മെഴുകുതിരി തെളിക്കുകയും ചെയ്തു.
മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണം മൂലം ഇന്ത്യയിൽ അടുത്തിടെയുണ്ടായ ജീവഹാനിയിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ഇരകളായ കുടുംബങ്ങളോടുള്ള അഗാധ ദുഃഖവും ഐക്യദാർഢ്യവും അർപ്പിച്ചു.
ചടങ്ങിൽ ബഹ്റൈൻ എം.പി. മുഹമ്മദ് ഹുസൈൻ ജനാഹി, ക്യു.ഇ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, കെ.സി.എയുടെ മുൻ പ്രസിഡന്റുമാരായ വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, റോയ് സി. ആന്റണി, നിത്യൻ തോമസ്, ആർ.പി കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടറായ പി.വി. തോമസ്, അൽ സാറാജ് ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ മാലിം, സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ, ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ പിള്ള എന്നിവരും പ്രമുഖ സംഘടനകളുടെ നേതൃത്വം വഹിക്കുന്നവർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ അനുശോചനം അറിയിച്ചു.
അത്യന്തം വിനയത്തോടെയും സഹനശീലത്തോടെയും മുന്നേറിയ മാർപാപ്പ, ആധുനിക ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെട്ട മതനേതാക്കളിൽ ഒരാളായി മാറാൻ കഴിഞ്ഞതിന്റെ പ്രസക്തി സമ്മേളനം വീണ്ടും ശ്രദ്ധാപഥത്തിലാക്കി. പാപ്പയുടെ ആധ്യാത്മിക സന്ദേശങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ചിരിപ്പുണ്ടെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും കെ.സി.എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.