കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റിൽ മധുരം വിതരണം ചെയ്യുന്നു
മനാമ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റിൽ മധുരം വിതരണം ചെയ്തു. രാജ്യഭരണം നടത്തുന്ന ബി.ജെ.പിക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കർണാടകയിൽനിന്ന് ലഭിച്ചത്. കോൺഗ്രസിന്റെ തിരിച്ചുവരവ് കർണാടകയിൽനിന്ന് ആരംഭിച്ചു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാജ്യത്തെ ഭിന്നിച്ചുഭരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കർണാടകയിൽ കണ്ടത്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, നേതാക്കളായ ലത്തീഫ് ആയംചേരി, സെയ്ദ് മുഹമ്മദ്, മനു മാത്യു, ഷമീം കെ.സി, ചന്ദ്രൻ വളയം, മുനീർ യു.വി, അലക്സ് മഠത്തിൽ, നിസാർ കുന്നംകുളത്തിങ്കൽ, ജേക്കബ് തേക്ക്തോട്, വിഷ്ണു വി, റംഷാദ് അയിലക്കാട്, രാജീവൻ ടി.പി, സിജു ആനികാട് തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: മതേതരചേരിക്ക് കർണാടകയിൽ ലഭിച്ച വിജയം ദേശീയതലത്തിൽ മതേതര കൂട്ടായ്മക്ക് ശക്തിപകരുമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ വിവിധ ജനതകളെ മുഴുവൻ തങ്ങളുടെ സങ്കുചിത അതിദേശീയതയുടെ കീഴിൽ ഭിന്നിപ്പിച്ചുനിർത്തുന്നതിന് എതിരെയുള്ള രാഷ്ട്രീയസന്ദേശം കൂടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയം. വർണവൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ എന്ന ആശയത്തിനെതിരെ ഏക വർണത്തിൽ അധിക കാലം മുന്നോട്ടുപോകാൻ കഴിയില്ല എന്നതാണ് കർണാടകയും ദക്ഷിണേന്ത്യയും ഇന്ത്യക്ക് നൽകുന്ന പാഠം. വർഗീയ ധ്രുവീകരണ രാഷ്ട്രീയം പറയുന്ന ഏത് വലിയ പാർട്ടിയെയും നേതാക്കളെയും തള്ളിക്കളയാൻ രാജ്യത്തിന് സാധിക്കും എന്നും കർണാടക തെളിയിക്കുന്നു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും ജനങ്ങൾ പുലർത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച്, ആശയതലത്തിലും പ്രായോഗികതലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കാനും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.