മനാമ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീതിന്യായ സേവനങ്ങൾ എളുപ്പമാക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി ബഹ്റൈൻ. പുതിയ നിയമനിർമാണത്തിനായി ബഹ്റൈൻ അറ്റോർണി ജനറൽ ഡോ. അലി അൽ ബുഐനൈൻ അനുമതി നൽകി.
ഈ തീരുമാനപ്രകാരം ഇത്തരം ആളുകളുടെ മാനുഷികാവശ്യങ്ങൾ പൂർണമായി പരിഗണിക്കുകയും അവരുടെ അഭിമാനം സംരക്ഷിക്കുകയും ചെയ്യും. നിർദിഷ്ട നിയമനിർമാണത്തിൽ പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും മറ്റ് നടപടികളും എളുപ്പമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉൾപ്പെടുത്തും. പ്രായമോ വൈകല്യമോ കാരണം സ്റ്റേഷനിൽ എത്താൻ കഴിയാത്തവരുടെ മൊഴി രേഖപ്പെടുത്താൻ അധികാരികൾ നേരിട്ട് വീട്ടിലെത്തും. നേരിട്ടുള്ള സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ വിദൂര ആശയവിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
മുതിർന്നവരും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം വേഗത്തിലാക്കുകയും കേസിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.
ഈ വിഭാഗം വ്യക്തികളുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രോസിക്യൂട്ടർമാർ ലളിതമാക്കിയ നടപടിക്രമങ്ങളാവും സ്വീകരിക്കുക.
മുതിർന്നവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തോടുള്ള പബ്ലിക് പ്രോസിക്യൂഷന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അലി അൽ ബുഐനൈൻ പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യന്റെ അഭിമാനം സംരക്ഷിക്കുന്നതിനും വിവേചനമില്ലാതെ ചില വിഭാഗങ്ങളെ പിന്തുണക്കുന്നതിനും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.