മനാമ: സ്ത്രീകൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലും സൗകര്യങ്ങളിലും പുരുഷന്മാർ സ്ത്രീവേഷം ധരിച്ച് പ്രവേശിക്കുന്നത് കുറ്റകരമാക്കുന്ന ശിക്ഷാ നിയമ ഭേദഗതി നിർദേശം പാർലമെന്റിൽ.എം.പി. ജമീൽ ഹസ്സന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ ചേർന്നാണ് ഈ നിർദേശം അവതരിപ്പിച്ചത്.
പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം കഴിഞ്ഞ ദിവസം ഇത് വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാ സമിതിക്ക് അടിയന്തര പരിശോധനക്കായി കൈമാറി. ഒക്ടോബർ 12ന് അടുത്ത ടേം ആരംഭിക്കുന്നതിനുമുമ്പ് ബിൽ സമിതി പരിഗണിക്കും.പുതിയതായി ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഈ വകുപ്പ് പ്രകാരം, സ്ത്രീകൾക്ക് മാത്രമായുള്ള സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉദ്ദേശിച്ച് സ്ത്രീകളുടെ വേഷം ധരിക്കുന്ന ഏതൊരു പുരുഷനും ഒരു വർഷം വരെ തടവോ, 1,000 ദീനാറിൽ കൂടാത്ത പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.വേഷം മാറൽ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള മാർഗമായി ഉപയോഗിച്ചാൽ, ശിക്ഷയുടെ കാഠിന്യം വർധിപ്പിക്കുന്നതിന് നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്.ഈ നിർദേശം വ്യക്തിഗത സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കാനല്ല, മറിച്ച് സ്ത്രീകൾക്കായി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ഇടങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും, നമ്മുടെ സമൂഹം ഉയർത്തിപ്പിടിക്കുന്ന ധാർമികവും സാംസ്കാരികവുമായ മൂല്യങ്ങൾ നിലനിർത്തുന്നതിനും വേണ്ടിയാണെന്ന് ജമീൽ ഹസ്സൻ പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമുള്ള ഇടങ്ങളിൽ നുഴഞ്ഞുകയറുന്നതിനെതിരെ യു.എ.ഇയിൽ നിലവിലുള്ളതിന് സമാനമായ നിയമങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും, വ്യക്തവും നടപ്പിലാക്കാൻ കഴിയുന്നതുമായ ഒരു നിയമം ബഹ്റൈനിലും കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ബിൽ അനുകൂലികൾ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.