ബഹ്റൈനൊപ്പം നിൽക്കേണ്ടത് തങ്ങളുടെ കടമ; പിന്തുണയുമായി പ്രവാസികളും

മനാമ: പ്രതിസന്ധിഘട്ടങ്ങളിൽ ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ കരുത്ത് അവിടുത്തെ ജനതയുടെ ഐക്യമാണെന്ന് തെളിയിച്ച് ബഹ്‌റൈൻ. ഫെബ്രുവരി 28ന് രാജ്യത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ഭരണകൂടത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സ്വദേശികളും പ്രവാസികളും രംഗത്തെത്തിയിരിക്കയാണ്. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള ഈ കൂട്ടായ മുന്നേറ്റം ബഹ്‌റൈന്റെ അതിജീവന ശേഷിയുടെ അടയാളമായാണ് മാറുന്നത്.

ബഹ്‌റൈന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹം ഈ ഘട്ടത്തിൽ ഭരണകൂടത്തിന് നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്. കേവലം ഒരു തൊഴിലിടം എന്നതിലുപരി ബഹ്‌റൈനെ സ്വന്തം നാടായി കാണുന്ന ലക്ഷക്കണക്കിന് പ്രവാസികൾ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒരൊറ്റ മനസ്സോടെ നിലകൊള്ളുന്നു. സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ഭരണനേതൃത്വത്തിന്റെ നയങ്ങളാണ് ഇത്തരമൊരു ഹൃദയബന്ധം പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയെടുത്തത്.

ആക്രമണങ്ങളിലൂടെ രാജ്യത്ത് ഭിന്നതയുണ്ടാക്കുക എന്നതായിരുന്നു ശത്രുക്കളുടെ ലക്ഷ്യമെങ്കിലും, അത് ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കാനാണ് സഹായിച്ചത്. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സും സുരക്ഷാ സേനകളും അതീവ ജാഗ്രതയോടെയും അച്ചടക്കത്തോടെയും നീങ്ങിയത് ജനങ്ങളിൽ വലിയ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. സമാധാനപരമായ ദൈനംദിന ജീവിതത്തിന് ഒരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് സാധിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തൊഴിലിടങ്ങളിലും പ്രവാസികൾ തങ്ങളുടെ ഐക്യദാർഢ്യം സജീവമായി പ്രകടിപ്പിക്കുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധികളിലും ആരോഗ്യ വെല്ലുവിളികളിലും രാജ്യം തങ്ങൾക്ക് നൽകിയ കരുതലിന് പകരമായി ഈ പരീക്ഷണഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പ്രവാസികൾ വിശ്വസിക്കുന്നു.

വൈവിധ്യങ്ങൾ എങ്ങനെ ഒരു രാജ്യത്തിന്റെ പ്രതിരോധ കരുത്തായി മാറ്റാം എന്നതിന് ലോകത്തിന് മാതൃകയാവുകയാണ് ബഹ്‌റൈൻ. പ്രമുഖ വ്യക്തികൾ, കുടുംബങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളും ഹമദ് രാജാവിന് പിന്തുണയുമായി ഈ അവലസരത്തിൽ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - It is our duty to stand with Bahrain; Expatriates also support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.