ഐ.എം.എഫ്, ലോകബാങ്ക് സ്പ്രിങ് മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ബഹ്‌റൈൻ ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ

ഇറാന്‍റെ ആക്രമണം ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഭീഷണി- ബഹ്റൈൻ

മനാമ: ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിതരണ ശൃംഖലയ്ക്കും വലിയ ഭീഷണിയാണെന്ന് ബഹ്‌റൈൻ ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. വാഷിംഗ്ടണിൽ നടന്ന ഐ.എം.എഫ്, ലോകബാങ്ക് സ്പ്രിങ് മീറ്റിംഗിൽ അറബ് രാജ്യങ്ങൾക്കും മാലദ്വീപിനും വേണ്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 28 മുതൽ ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ 5,000ത്തിലധികം മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടത്. ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 1,000ലധികം ആക്രമണങ്ങൾ ഉണ്ടായി. ജനവാസ മേഖലകൾ, വിദ്യാലയങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

ലോകത്തിലെ 20 ശതമാനത്തിലധികം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ നാവിക ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമം സാമ്പത്തിക ഭീകരതയാണെന്ന് ശൈഖ് സൽമാൻ വിശേഷിപ്പിച്ചു. ലോകത്തിലെ അലുമിനിയം കയറ്റുമതിയുടെ 27 ശതമാനവും വളം കയറ്റുമതിയുടെ 30 ശതമാനവും ഈ പാതയെയാണ് ആശ്രയിക്കുന്നത്.

ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒപ്പം നിന്ന പ്രാദേശിക പങ്കാളികൾക്കും അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഖ്യകക്ഷികൾക്കും മന്ത്രി നന്ദി അറിയിച്ചു. ഇറാൻ്റെ ആക്രമണത്തെ അപലപിച്ച യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817 ചരിത്രപരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ശ്രമിക്കുന്നവരും, ഇരുണ്ട കാലഘട്ടത്തിലേക്ക് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ശൈഖ് സൽമാൻ പറഞ്ഞു.

ഈ സാഹചര്യത്തിൽ ലോകബാങ്കും അന്താരാഷ്ട്ര സമൂഹവും ഉചിതമായ പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Iran's attack threatens global economy - Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.