ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയിൽ പത്താമത്തെ കത്തുമായി രാജ്യം

മനാമ: ബഹ്‌റൈനെതിരെ ഇറാൻ നടത്തുന്ന അന്യായമായ ആക്രമണങ്ങളെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് ബഹ്‌റൈൻ വീണ്ടും ഐക്യരാഷ്ട്രസഭക്ക് കത്ത് കൈമാറി. യു.എൻ സെക്രട്ടറി ജനറലിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനുമാണ് കത്തുകൾ കൈമാറിയത്. ഇറാൻ്റെ വാദങ്ങൾ തള്ളിക്കൊണ്ട് ബഹ്‌റൈൻ അയക്കുന്ന പത്താമത്തെ കത്താണിത്.

ഫെബ്രുവരി 28 മുതൽ ഇറാൻ ബഹ്‌റൈന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. ജനവാസ മേഖലകളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷന്റെയും ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തിങ്കളാഴ്ച ഇറാൻ യു.എന്നിൽ സമർപ്പിച്ച കത്തിലെ അവകാശവാദങ്ങൾ ബഹ്‌റൈൻ പൂർണമായും തള്ളി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്താനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് കത്തിൽ പറയുന്നു. ബഹ്‌റൈൻ മുൻകൈ എടുത്ത് അവതരിപ്പിച്ച യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം (2817), ഇറാൻ്റെ ആക്രമണങ്ങളെ നേരത്തെ തന്നെ അപലപിക്കുകയും അവ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2026 മാർച്ച് 25ലെ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രമേയ പ്രകാരം, ഇറാൻ നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ ഇറാൻ ബാധ്യസ്ഥരാണ്.

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ബഹ്‌റൈൻ എപ്പോഴും ആഗ്രഹിക്കുന്നത്.

എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ആക്രമണമുണ്ടായാൽ, യുഎൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനും തക്കതായ മറുപടി നൽകാനും ബഹ്‌റൈന് അവകാശമുണ്ടെന്ന് കത്തിൽ ആവർത്തിച്ചു വ്യക്തമാക്കി.

മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ ജി.സി.സി രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുമെന്നും ഇറാൻ്റെ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും ബഹ്‌റൈൻ അറിയിച്ചു

Tags:    
News Summary - Iran attack; Country submits tenth letter to the United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.