ഇറാൻ ആക്രമണം അവസാനിപ്പിക്കണം; സംയുക്ത പ്രസ്താവനയുമായി ബഹ്റൈനുൾപ്പെടെ 12 രാജ്യങ്ങൾ

മനാമ: മേഖലയിൽ വർധിച്ചുവരുന്ന ഇറാ​െൻറ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ബഹ്റൈൻ ഉൾപ്പെടെയുള്ള 12 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇറാനിയൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ റിയാദിൽ നടത്തിയ കൂടിയാലോചനാ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിന്‍റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പങ്കെടുത്തു.

ബഹ്റൈന് പുറമേ സൗദി അറേബ്യ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്​, ലബനാൻ, പാകിസ്​താൻ, ഖത്തർ, സിറിയ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ആദ്യപടിയായി ഇറാൻ ആക്രമണങ്ങൾ നിർത്തലാക്കണം. അന്താരാഷ്​ട്ര നിയമങ്ങൾ, അന്താരാഷ്​ട്ര മാനുഷിക നിയമം, നല്ല അയൽപക്ക ബന്ധങ്ങൾ എന്നിവ ഇറാൻ ബഹുമാനിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങൾ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാ​ന്‍റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും, യു.എൻ കരാറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യങ്ങൾക്കുള്ള സ്വയം പ്രതിരോധാവകാശം യോഗം അടിവരയിട്ടു.

ഇറാനുമായുള്ള ഭാവി ബന്ധം മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിലെ ഇടപെടാതിരിക്കൽ, സൈനിക ശേഷി ഉപയോഗിച്ച് അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താതിരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇറാൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) കർശനമായി പാലിക്കേണ്ടതുണ്ട്. ആക്രമണങ്ങൾ നിർത്തുക, പ്രകോപനപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കുക, സ്വന്തം താൽപ്പര്യത്തിനായി അറബ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും ആയുധവും നൽകുന്നത് അവസാനിപ്പിക്കുക എന്നിവയും പ്രസ്താവനയിൽ ഊന്നിപ്പറയുന്നു.

ഹുർമുസ് കടലിടുക്കിലെ അന്താരാഷ്​ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ബാബ് അൽമന്ദബ് കടലിടുക്കിലെ സമുദ്ര സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ നീക്കങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ഇറാൻ വിട്ടുനിൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലബനാ​ന്‍റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും ആയുധങ്ങൾ കൈവശം വെക്കാനുള്ള അധികാരം ലബനാൻ സർക്കാരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന തീരുമാനത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. ലബനാനെതിരായ ഇസ്രായേലി​െൻറ ആക്രമണത്തെയും വിപുലീകരണ നയങ്ങളെയും മന്ത്രിമാർ അപലപിച്ചു.

ജി.സി.സി രാജ്യങ്ങൾ, ജോർദാൻ, അസർബൈജാൻ എന്നിവയ്ക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. എണ്ണ നിലയങ്ങൾ, ജല പ്ലാൻറുകൾ, വിമാനത്താവളങ്ങൾ, നയതന്ത്ര ആസ്ഥാനങ്ങൾ, പാർപ്പിട കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് ബാലിസ്​റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ബോധപൂർവമായ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.

Tags:    
News Summary - Iran must stop its aggression; 12 countries, including Bahrain, issue joint statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.