മനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവവും കൾചറൽ കാർണിവലും ഡിസംബർ നാല് മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ദിവസേന 7.30ന് കൾചറൽ പ്രോഗ്രാമുകളും തുടർന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടാകും. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.
പുസ്തകമേളയോടനുബന്ധമായി എല്ലാ ദിവസങ്ങളിലും വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഗസൽ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികൾ, ബഹ്റൈനിലെ അന്യരാജ്യ കലാകാരന്മാരുടെ സംസ്കാരിക പരിപാടികൾ, ആർദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങൾ, ഡാൻസ് ഡ്രാമ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധി പരിപാടികളോടൊപ്പം ദിവസേന സ്പോട് ക്വിസും നടക്കും.
പുസ്തകമേളയോടനുബന്ധിച്ച് സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആർട് ആൻഡ് പെയിന്റിങ് എക്സിബിഷനും നടത്തപ്പെടും.അന്താരാഷ്ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആഷ്ലി കുര്യൻ മഞ്ഞില കൺവീനറായും ജോയ് പോളി, സവിത സുധിർ, സിൻഷാ വിതേഷ് എന്നിവർ ജോയന്റ് കൺവീനർമാരായും 150 ൽപരം അംഗങ്ങളുള്ള സംഘാടകസമിതി നിലവിൽവന്നു.
പുസ്തകങ്ങൾ വാങ്ങാൻ താൽപര്യമുള്ള ബഹ്റൈനിലെ മലയാളി സംഘടനകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് പ്രത്യേക ഓഫറുകൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി ലഭ്യമാക്കേണ്ട പുസ്തകങ്ങൾക്കും സംഘാടകരുമായി ബന്ധപ്പെടാം.
ഡിസംബർ നാല് മുതൽ 14 ഉൾപ്പടെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 10.30 വരെയാണ് പുസ്തകമേള. കൂടുതൽ വിവരങ്ങൾക്ക്: 39215128/ 39370929/ 34688624.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.