മനാമ: ബഹ്റൈനിൽ വരുംദിവസങ്ങളിൽ വേനൽ കാലത്തെ ഏറ്റവും കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടും. ഗൾഫ് മേഖലയിൽ ആഗസ്റ്റ് മാസം ഏറ്റവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മാസമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വിഭാഗത്തിന്‍റെ അറിയിപ്പനുസരിച്ച് കനത്ത ചൂട് ഈ ആഴ്ച അവസാനവും തുടർന്നേക്കാം എന്നാണ്. ഈ ദിവസങ്ങളിൽ പകലും രാത്രിയും ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കും. പകൽ താപനില 43 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കും. ഉയർന്ന ഈർപ്പം കാരണം പകൽ സമയങ്ങളിൽ 50 ഡിഗ്രിക്ക് സമാനമായ താപനിലയും അനുഭവപ്പെട്ടേക്കാം.
ഈ ആഴ്ചയിലുടനീളം കാലാവസ്ഥ ചൂടുള്ളതും ഹ്യുമിഡിറ്റി നിറഞ്ഞതുമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 5 മുതൽ 10 നോട്ടുകൾ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ് ഇത് കിഴക്കൻ ദിശയിലേക്ക് മാറി, മണിക്കൂറിൽ 10 മുതൽ 15 നോട്ടുകൾ വരെ വേഗത കൈവരിക്കാം. കടലിലെ തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരാൻ സാധ്യതയുണ്ട്.
അന്തരീക്ഷത്തിലെ ഈർപ്പം കൂടുമ്പോൾ പുറത്ത് അനുഭവപ്പെടുന്ന യഥാർത്ഥ താപനിലയും വർധിക്കുന്നതാണ് ആഗസ്റ്റ് മാസത്തെ ഈ കടുത്ത ചൂടിന് കാരണം.
ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് അനുസരിച്ച്, താമസക്കാർ പകൽ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും, കടുത്ത ചൂടിൽ കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.