മനാമ: സ്കൂളുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയനവർഷത്തേക്കുള്ള പുതിയ സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര വൈദ്യസഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നിർദേശം.
അടിയന്തരമായി ആംബുലൻസ് സേവനം ആവശ്യമായ 12 കേസുകൾ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ മുറിവുകൾ, ശക്തമായ രക്തസ്രാവം, ശ്വാസംമുട്ടൽ, ബോധക്ഷയം, ഒടിവുകൾ, ഉയരത്തിൽനിന്ന് വീഴുക, ഗുരുതരമായ പൊള്ളൽ, സ്കൂൾ പരിസരത്ത് പ്രസവം, സംഭവസ്ഥലത്ത് മരണം, ഗുരുതരമായ അലർജി, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള മറ്റേതെങ്കിലും അവസ്ഥകൾ എന്നിവ കണ്ടാൽ അടിയന്തരമായി ആംബുലൻസ് സേവനം തേടണം.
സ്കൂളുകളിൽ എമർജൻസി ടീം വേണം
ഓരോ സ്കൂളും പരിശീലനം ലഭിച്ച അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു ആഭ്യന്തര എമർജൻസി ടീം രൂപവത്കരിക്കണം. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ ‘സ്കൂൾ ഇൻസിഡന്റ്’ ഫോം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സമർപ്പിക്കണം. ആംബുലൻസ് സേവനം ആവശ്യമായിവന്നാൽ, അതിന്റെ വിവരങ്ങളും നൽകണം.ആംബുലൻസ് എത്തുമ്പോൾ രക്ഷിതാക്കൾ സ്ഥലത്തില്ലെങ്കിൽ, ഒരു ജീവനക്കാരൻ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് അനുഗമിക്കണം. അതേസമയം, സ്കൂൾ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.
സ്കൂളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇത്തരം ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ കാലതാമസം കൂടാതെ ആംബുലൻസ് വിളിക്കുക.
രക്ഷിതാക്കളെ വിവരമറിയിക്കുക.
പരിക്കേറ്റ വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
പാരാമെഡിക്കൽ ജീവനക്കാർ എത്തുന്നതുവരെ പ്രഥമശുശ്രൂഷ നൽകുക.
വിദ്യാർഥിയുടെ ആരോഗ്യചരിത്രം പരിശോധിക്കുക.
സഹായം എത്തുന്നത് വരെ ഒരു ജീവനക്കാരൻ പരിക്കേറ്റ വ്യക്തിക്കൊപ്പം നിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.