സ്വകാര്യ സ്കൂളുകളുടെ നടത്തിപ്പിന്റെ മാനദണ്ഡങ്ങൾ അറിയിച്ച് കഴിഞ്ഞദിവസം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി അർഥശങ്കക്കിടംനൽകാതെ പാർലമെന്റിൽ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഓർമപ്പെടുത്തട്ടെ. എല്ലാക്കാര്യങ്ങളിലും സുതാര്യത അതായത് അഡ്മിഷൻ മുതൽ അഡ്മിനിസ്ട്രേഷൻ വരെ പ്രത്യേകിച്ച് സാമ്പത്തിക വിഷയത്തിൽ കൃത്യതയും വ്യക്തതയും പാലിക്കപ്പെടണം എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
നിയമപ്രകാരം ഇന്ത്യൻ സ്കൂളിന്റെ വാർഷിക പൊതുയോഗം കൂടേണ്ടത് ഒക്ടോബർ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. (മുൻകാലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട് എങ്കിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് റമദാൻ മാസങ്ങളോ മറ്റേതെങ്കിലും ദേശീയ ആഘോഷങ്ങൾ ഉണ്ടെങ്കിൽ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്). എന്നാൽ ഇതുവരെ അത് നടന്നിട്ടില്ല. വാർഷിക പൊതുയോഗം ചട്ടപ്രകാരം വിളിച്ചുകൂട്ടുകയും അഡ്മിഷൻ മുതൽ അഡ്മിനിസ്ട്രേഷൻ വരെയും അതോടൊപ്പം വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരങ്ങൽ ഒരുക്കാൻ ഭരണസമിതി അംഗങ്ങൾ ബാധ്യസ്ഥരാണ്.
ഭരണസമിതിയെ അനുകൂലിക്കുന്ന ചില രക്ഷിതാക്കൾ പൊതുയോഗത്തിന്റെ അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ പ്രത്യേകിച്ച് ഫീസ് വർധന, പുതിയ പ്രോജക്ടുകൾ എന്നിവ പൊതുയോഗസമയത്ത് കൊണ്ടുവരുന്നു. അവ കൈയടിച്ച് പാസാക്കി പോകുന്ന രീതി വളരെ ഗുരുതരമായ തെറ്റാണ്. അതായത് പൊതുയോഗം അവസാനിക്കാറാകുമ്പോൾ ഏതെങ്കിലും അഭിപ്രായങ്ങൾക്കുള്ള സമയത്ത് ഭൂരിപക്ഷം രക്ഷിതാക്കളും പൊതുയോഗം വിട്ടിറങ്ങിക്കഴിയുന്നതിനുശേഷം പാസാക്കുന്നതോ പാസാക്കിയിട്ടുള്ളവക്കോ നിയമസംരക്ഷണം ലഭിക്കില്ലെന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.
ഈ നിർദേശങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ഇന്ത്യൻ സ്കൂളിന് എതിരായി രക്ഷിതാക്കളും തൽപരകക്ഷികളും ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത് അപഹാസ്യമാണ്. മുൻകാലങ്ങളിൽ ഫീസ് സൗജന്യങ്ങളും അധ്യാപകർക്ക് നൽകുന്ന ശമ്പള വർധനവുകളും ജനറൽ ബോഡി പാസാക്കിയിട്ടുള്ളത് സ്കൂളിന്റെ ഭരണഘടന അല്ലെങ്കിൽ ബൈലോ നിർദേശിച്ചിട്ടുള്ള നിബന്ധനകളും നിയമങ്ങളും അനുസരിച്ച് മാത്രമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ കഴിഞ്ഞ കുറേ വർഷത്തെ ഓഡിറ്റഡ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് പരിശോധിക്കുമ്പോൾ നിലവിൽ യാതൊരു വ്യക്തതയും ഇല്ല എന്നാണ് മനസ്സിലാകുന്നത്.
ജനറൽബോഡി പാസാക്കിയിട്ടുള്ള വ്യക്തമായ സാലറി സ്കെയിൽ പ്രകാരം ആയിരിക്കണം പുതിയ നിയമനങ്ങൾ നടത്തുമ്പോൾ പ്രവർത്തിക്കേണ്ടത്. അത് പ്രിൻസിപ്പൽ മുതൽ പ്യൂൺ വരെ നിജപ്പെടുത്തിയിട്ടുണ്ട്. അതിന് വിപരീതമായി തന്നിഷ്ടം പോലെ ശമ്പളം നൽകി പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ തെറ്റായ പ്രവണതയാണ്. ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പലവിധത്തിലുള്ള ഫീസ് വർധന നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ കൈയിൽ നിന്ന് എല്ലാവർഷവും മെമ്പർഷിപ്പ് ഫീസ് ഇനത്തിൽ ഈടാക്കുന്ന തുകക്ക് വാറ്റ് അധികമായി ചുമത്തുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്ക് നൽകിയിട്ടുള്ള വാറ്റ് ഫീസ് ഇളവുകളുടെ പട്ടികയിൽ ക്രമീകരിച്ചിട്ടുള്ളവയാണ്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പാർലമെൻറിൽ വളരെ കൃത്യമായി കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതിൽനിന്ന് വ്യതിചലിച്ച് പ്രവർത്തിക്കാൻ ഒരു സ്വകാര്യ കമ്യൂണിറ്റി സ്കൂളോ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളോ ആയിരുന്നാലും അനുവദിക്കില്ല എന്ന് പുതിയ നിയമനിർമാണത്തിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അത് പൂർണമായി ഉൾക്കൊണ്ട് ഒട്ടും വൈകാതെ വാർഷിക പൊതുയോഗം വിളിച്ചുകൂട്ടാനും സ്കൂളിന്റെ പ്രിൻസിപ്പൽ മുൻകൈയെടുക്കണം.
സ്കൂൾ കോമ്പൗണ്ടിൽ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട് എങ്കിൽ എത്രയും വേഗം ഒഴിവാക്കപ്പെടേണ്ടതാണ്. രക്ഷിതാക്കളുടെയും ഇന്ത്യൻ പൊതുസമൂഹത്തിന്റെയും ആശങ്കകൾ നീക്കാൻ ബാധ്യസ്ഥരാണ് ഭരണസമിതി അംഗങ്ങൾ. നിയമമനുസരിച്ച് എടുക്കേണ്ട തീരുമാനങ്ങൾ ഭൂരിപക്ഷ തീരുമാനപ്രകാരം ആയിരിക്കരുത്. അത് നിയമമനുസരിച്ച് മാത്രമായിരിക്കണം. വിരുദ്ധമായി എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടാൽ ഭരണസമിതിയിൽനിന്ന് ഒരു മെംബറെ പോലും ഒഴിവാക്കാൻ സാധിക്കുകയില്ല.
(ശ്രദ്ധിക്കുക അഭിപ്രായം പൂർണമായും വ്യക്തിപരമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.