മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാർഷിക കൾചറൽ ഫെയറിൽ എം.ജി കാർ ഉൾപ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ. റാഫിൾ ഡ്രോയിൽ ശ്രദ്ധേയമായ സമ്മാനങ്ങളുടെ ഒരു നിരതന്നെ ഒരുക്കിയിട്ടുണ്ട്. സ്റ്റാർ വിഷൻ ഒരുക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ മേള ജനുവരി 15, 16 തീയതികളിലാണ് നടക്കുക.
സയാനി മോട്ടോഴ്സിൽനിന്നുള്ള പുത്തൻ എം.ജി കാറാണ് ഒന്നാം സമ്മാനം. ജോയ് ആലുക്കാസിന്റെ സ്വർണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനിയുടെ 600 ലിറ്റർ ഡബ്ൾ ഡോർ റഫ്രിജറേറ്റർ, ഹോം തിയറ്റർ സിസ്റ്റം, ഫ്രണ്ട്-ലോഡ് വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ, പ്രീമിയം ഫിലിപ്സ് വീട്ടുപകരണങ്ങൾ എന്നിവ മറ്റു സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. മെഗാ ഫെയറിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റിന് രണ്ട് ദീനാറാണ് ഈടാക്കുക. ലോജിസ്റ്റിക്സ്, പ്രോഗ്രാമുകൾ, സ്പോൺസർഷിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത മേള പരിപാടിയുടെ ഭാഗമായി ഒരുക്കും.
ജനുവരി 15ന് പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയോടെ ആഘോഷങ്ങൾ ആരംഭിക്കും. 16ന് വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളോടെ തുടങ്ങി പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും. ഗായകൻ അഭിഷേക് സോണിയും സംഘവും ഒപ്പമുണ്ടാകും.
ജനുവരി 18ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് റാഫിൾ നറുക്കെടുപ്പ് നടക്കും. ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി മേള വിജയമാക്കാൻ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, മേളയുടെ ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ സന്ദേശത്തിൽ അഭ്യർഥിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവരെ വലിയതോതിൽ ആഘോഷങ്ങളിൽ പങ്കുചേരാനും വിജയിപ്പിക്കാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.