പഞ്ചാബ് സ്വദേശി ബൽബിർ സിംഗിനെ എയർപോർട്ടിൽ യാത്രയാക്കുന്നു
മനാമ: ജീവിതം വഴിമുട്ടിനിന്ന പഞ്ചാബ് സ്വദേശി ബൽബിർ സിംഗിന് തുണയായി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മയായ 'ടീം ഹോപ്പ്'. അസുഖവും നിയമക്കുരുക്കുകളും കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വലഞ്ഞ ബൽബിർ സിംഗിനെ എല്ലാ തടസ്സങ്ങളും നീക്കി സുരക്ഷിതമായി നാട്ടിലെത്തിച്ചു. ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന ബൽബിർ സിംഗിന്റെ പാസ്‌പോർട്ട് സ്പോൺസറുടെ കൈവശമിരിക്കെ നഷ്ടപ്പെട്ടതായിരുന്നു ആദ്യത്തെ പ്രതിസന്ധി. ഇതിനിടെ പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. ശാരീരിക അവശതകൾക്കൊപ്പം രേഖകളില്ലാത്തതിനാൽ യാത്ര ചെയ്യാനാകാത്ത അവസ്ഥയും കൂടിയായപ്പോൾ അദ്ദേഹം തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു.
ബൽബിർ സിംഗിന്റെ ദുരിതാവസ്ഥയറിഞ്ഞ ടീം ഹോപ്പ് പ്രവർത്തകർ ഉടനടി സഹായഹസ്തവുമായി രംഗത്തെത്തി. പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസിനും ആവശ്യമായ 65 ബഹ്റൈൻ ദിനാർ സംഘടന നൽകി. കൂടാതെ യാത്രാ ടിക്കറ്റും യാത്രാചെലവുകൾക്കായി 28,000 ഇന്ത്യൻ രൂപയും ഐ.സി.ആർ.എഫ് ബഹ്റൈനും നൽകി. ഹംസ കൊയിലാണ്ടി സ്പോൺസർ ചെയ്ത ഗൾഫ് കിറ്റും അദ്ദേഹത്തിന് കൈമാറി. ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, റഫീഖ്, ഫൈസൽ, സാബു എന്നിവർ ചേർന്നാണ് ബൽബിർ സിംഗിനെ എയർപോർട്ടിൽ എത്തിച്ച് യാത്രയാക്കിയത്. സുരക്ഷിതമായി പഞ്ചാബിലെ വീട്ടിലെത്തിയ അദ്ദേഹം ടീം ഹോപ്പിനോട് ഫോണിലൂടെ നന്ദി അറിയിച്ചു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച സൽമാനിയ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും ഇന്ത്യൻ എംബസിക്കും മറ്റ് സുമനസ്സുകൾക്കും ബൽബിർ സിംഗിന് വേണ്ടിയും ടീം ഹോപ്പിന് വേണ്ടിയും പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.