വേഗതയേറിയ ഡിജിറ്റൽ സേവനവുമായി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നടപടികൾ കൂടുതൽ ലളിതമാക്കി. മുമ്പ് നാല് പ്രവൃത്തി ദിവസങ്ങൾ എടുത്തിരുന്ന കാർഷിക ഇറക്കുമതി പെർമിറ്റുകൾ ഇനി മുതൽ വെറും ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. സസ്യങ്ങൾ, വളങ്ങൾ, മണ്ണ് പോഷകങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതിക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ നാഷണൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയോ ഓൺലൈനായി എളുപ്പത്തിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ ലഘൂകരിച്ചതിലൂടെ കാത്തിരിപ്പ് സമയം നാല് ദിവസത്തിൽ നിന്ന് ഒരു ദിവസമായി കുറഞ്ഞു. നേരിട്ട് ഓഫീസുകളിൽ കയറിയിറങ്ങേണ്ട ആവിശ്യമില്ല.

വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) റെക്കോർഡുകളുമായി ഈ പോർട്ടൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ അപേക്ഷകരുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ സാധിക്കും. ഫീസ് ഓൺലൈനായി അടച്ചുകഴിഞ്ഞാൽ പെർമിറ്റുകൾ ഉടൻ പ്രിന്റ് ചെയ്തെടുക്കാം.

സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ ഓരോ പെർമിറ്റിലും ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പെർമിറ്റിന്റെ വിശ്വാസ്യത എളുപ്പത്തിൽ പരിശോധിക്കാം.

കാർഷിക മേഖലയിലെ വ്യാപാരം സുഗമമാക്കുന്നതിനും ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഡിജിറ്റൽ പരിവർത്തനമെന്ന് കൃഷി വകുപ്പ് അണ്ടർ സെക്രട്ടറി ആസിം അബ്ദുല്ലത്തീഫ് പറഞ്ഞു.

'തവാസുൽ' വഴി ലഭിച്ച നിർദ്ദേശങ്ങളും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് സേവനങ്ങളിൽ മാറ്റം വരുത്തിയത്. ബഹ്‌റൈന്റെ ആഗോള വ്യാപാര സൂചികകൾ മെച്ചപ്പെടുത്തുന്നതിനും കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കുന്നതിനും ഈ നീക്കം വലിയ സഹായമാകും. നിലവിൽ 1,300ലധികം സർക്കാർ സേവനങ്ങൾ ഇത്തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Bahrain with faster digital services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.