ഇന്ത്യൻ സ്കൂൾ ജൂനിയർ വിങ് ‘കിഡ്ഡീസ് ഫിയസ്റ്റ’ ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ ക്ലാസ് തിരിച്ചുള്ള യുവജനോത്സവമായ കിഡ്ഡീസ് ഫിയസ്റ്റ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് പരിപാടി രൂപകൽപന ചെയ്തത്. ‘ചിൽഡ്രൻ ഫോർ ചിൽഡ്രൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷം കുട്ടികളിൽ ഒരുമയും സാംസ്കാരിക ധാരണയും ഉൾപ്പെടെയുള്ള മൂല്യങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
എൽ.കെ.ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ മികച്ച കൂട്ടായ്മയിലൂടെയും ഊർജസ്വലമായ പ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ മനം കവർന്നു. ആഫ്രിക്കൻ പെരുംപറയുടെ താളവും ലാറ്റിനോ സൽസയുടെ മനോഹാരിതയും ഏഷ്യൻ ആയോധനകലകളുടെ ചാരുതയും അവർ അരങ്ങിലെത്തിച്ചു. അവരുടെ ഓരോ പ്രകടനവും വ്യത്യസ്ത സംസ്കാരങ്ങളുടെ അതുല്യമായ സൗന്ദര്യത്തെ ആഘോഷിച്ചു.
ആഗോള ഐക്യത്തിന്റെയും വൈവിധ്യത്തെ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തിന്റെയും സന്ദേശത്തെ ഈ പരിപാടി എടുത്തുകാട്ടി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും ഫെസ്റ്റിവൽ വിജയകരമായി സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.