കോക്രോച്ച് ത്രിമാന പെയിന്‍റിങ്, ജിൻസിയും ലിമിനേഷ് അഗസ്റ്റിനും
മനാമ: അടുത്തിടെ ഇന്ത്യൻ യുവത്വത്തെയും ജെൻ സി തലമുറയെയും ലക്ഷ്യമിട്ടുണ്ടായ ‘കോക്രോച്ച്’ അധിക്ഷേപങ്ങൾക്ക് കലയിലൂടെ ശക്തവും ഹാസ്യത്മകവുമായ മറുപടി നൽകി ആർട്ടിസ്റ്റ് ദമ്പതികൾ. ബഹ്റൈൻ പ്രവാസികളും ആഗോള പ്രശസ്ത ആർട്ടിസ്റ്റ് ദമ്പതികളുമായ എറണാകുളം സ്വദേശി ലിമിനേഷ് അഗസ്റ്റിനും ഭാര്യ ജിൻസി ബാബുവുമാണ് വീണ്ടും സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട പെയിൻ്റിംഗുമായി രംഗത്തെത്തിയത്.
12 അടി നീളവും 11 അടി വീതിയുമുള്ള ഭീമൻ 3D സാറ്റയർ പെയിന്റിംഗിലൂടെയാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്. ദി റോയൽ ഇന്ത്യൻ കോക്രോച്ച് – റോച്ച് റോയ്‌സ്’ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അവഹേളനത്തിന്റെ പ്രതീകമായി ഉപയോഗിച്ച ‘പാറ്റ’ എന്ന ജീവിയെ, അതിന്റെ യഥാർത്ഥ സ്വഭാവമായ ‘അതിജീവനത്തിന്റെ കരുത്ത്’ മുൻനിർത്തി ഒരു രാജകീയ പ്രതീകമായി പെയിന്റിംഗിൽ പുനർസൃഷ്ടിച്ചിരിക്കുകയാണ്.
സ്റ്റൈലിഷും ആത്മവിശ്വാസവുമുള്ള ഒരു രാജാവായി പാറ്റയെ ചിത്രീകരിച്ചിരിക്കുന്നതിലൂടെ ഇന്ത്യൻ യുവാക്കളുടെ പ്രതിരോധശേഷിയും, എന്തിനോടും പൊരുത്തപ്പെടാനുള്ള കഴിവും, തമാശരൂപേണ തുറന്നുപറയാനുള്ള ആർജ്ജവവുമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ഒരു ആണവ സ്ഫോടനത്തെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള ജീവിയാണ് പാറ്റ. അതുപോലെ തന്നെ ഇന്നത്തെ യുവതലമുറയെയും അത്രയെളുപ്പം അടിച്ചമർത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. യുവാക്കളെ വെറുമൊരു ശല്യമായി കണ്ട് തള്ളിക്കളയാതെ, അവരുടെ ഊർജ്ജത്തെയും സർഗ്ഗാത്മകതയെയും ശബ്ദത്തെയും അംഗീകരിക്കണമെന്ന ചിന്തയും ഈ ചിത്രം പങ്കുവെക്കുന്നു.
ഈ പെരുന്നാൾ അവധിക്കാലത്താണ് വീട്ടിലിരുന്ന് പൂർണ്ണമായും ഒരു ഫാമിലി പ്രോജക്റ്റായി ഈ ഭീമൻ ചിത്രം പൂർത്തിയാക്കിയത് എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സമകാലിക സാമൂഹിക വിഷയങ്ങളെ ഇത്രയും വലിയ ക്യാൻവാസിൽ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ‘റോച്ച് റോയ്‌സ്’ ശ്രദ്ധ ആകർഷിക്കപ്പെടുമെന്ന് ഉറപ്പാണ്. യുദ്ധ സമയത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തികളിലും കടലിലും ആകാശത്തും ജാഗ്രതയോടെ നിലകൊള്ളുന്ന ധീരരായ കാവൽക്കാർക്ക് ആദരവ് ആയി ഇവർ തയ്യാറാക്കിയ 'ഷീൽഡ് ഓഫ് ബഹ്‌റൈൻ' എന്ന 3D പെയിന്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.