മനാമ: ഇന്ത്യൻ രൂപക്കെതിരെ ബഹ്റൈനി ദീനാറിന്റെ മൂല്യം സർവകാല റെക്കോഡിട്ടു. ബുധനാഴ്ചത്തെ നിരക്കനുസരിച്ച് ഒരു ബഹ്റൈനി ദീനാറിന്റെ മൂല്യം 242.93 ഇന്ത്യൻ രൂപയിലെത്തി. നാട്ടിലേക്ക് പണമയക്കാനിരിക്കുന്ന പ്രവാസികൾക്ക് ഇത് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് മറ്റു ഗൾഫ് കറൻസികളും. രൂപക്കെതിരെ ബഹ്റൈനി ദീനാറിന് സമാനമായി യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ കറൻസികളുടെയും നിരക്കുയർന്നു. ഗൾഫ് കറൻസികൾക്ക് മുൻപത്തെക്കാൾ കൂടുതൽ രൂപ നിലവിൽ ലഭിക്കും. ബുധനാഴ്ച വിപണി 91.05ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നാലെ ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനു 91.74 എന്ന നിരക്കിലേക്ക് വരെ താഴ്ന്നിരുന്നു. രൂപക്ക് കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയിൽ അവസാനം ഡോളറിനെതിരെ 91.70 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. 2025ൽ ഇന്ത്യൻ രൂപ അഞ്ചു ശതമാനം ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ രണ്ടു ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി. മറ്റ് ഏഷ്യൻ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യശോഷണം കൂടുതലാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു ബഹ്റൈനി ദീനാറിന് 226.92 ഇന്ത്യൻ രൂപയായിരുന്നു വിനിമയ നിരക്ക്. അന്താരാഷ്ട്ര തലത്തിൽ ഗ്രീൻലാൻഡിലെ അമേരിക്കൻ ഇടപെടലാണ് പെട്ടെന്ന് രൂപയുടെ ഇടിവിന് വഴിവെച്ചത്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് രൂപക്കു സമ്മർദമേറ്റിയതായി സാമ്പത്തിക വിദഗ്ദ്ധൻ അഡ്വ. ആർ. മധുസൂദനൻ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇന്ത്യ ഒപ്പിടാൻ താമസിക്കുന്നതും മറ്റൊരു കാരണമാണ്. രൂപയുടെ മൂല്യമിടിയുമ്പോൾ സാധാരണ റിസർവ് ബാങ്കിന്റെ കാര്യമായ ഇടപെടൽ സംഭവിക്കാറുണ്ട്. എന്നാൽ, ബുധനാഴ്ച ആർ.ബി.ഐയുടെ ഇപെടലുണ്ടായെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. നാട്ടിൽ ഇറക്കുമതിക്ക് ചെലവേറുമെന്നതാണ് രൂപയുടെ വിലയിടിവിന്റെ പ്രധാന അനന്തരഫലങ്ങളിലൊന്ന്. വിദേശ യാത്ര, വിദേശത്തെ ചികിത്സ, വിനോദം, കുട്ടികളുടെ വിദേശത്തെ വിദ്യാഭ്യാസം എന്നിവയും ചെലവേറിയതാകും. അതേസമയം, നാട്ടിൽനിന്നുള്ള കയറ്റുമതിക്കാർക്ക് ഇത് ഗുണകരമാവും. പ്രതീക്ഷിത വരുമാനത്തിനെക്കാൾ കൂടുതൽ പണം കയറ്റുമതിക്ക് ലഭിക്കും.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലും രൂപയുടെ വിനിമയം ഈ നില തുടരാനാണ് സാധ്യതയെന്നും റിസർവ് ബാങ്കിന്റെ ഡോളർ വിറ്റഴിച്ചുള്ള ഇടപെടലുകൾ, ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ ഇവ രൂപയുടെ വരും ദിവസങ്ങളിലെ ഗതി നിയന്ത്രിക്കുമെന്നും അഡ്വ. ആർ മധുസൂദനൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.