മനാമ: ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി മൂന്ന് പ്രൊഡക്ഷൻ ലൈനുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ ബഹ്‌റൈൻ അലൂമിനിയം കമ്പനിയായ 'അൽബ' തീരുമാനിച്ചു. പ്രൊഡക്ഷൻ ലൈനുകളായ 1, 2, 3 എന്നിവയാണ് സുരക്ഷിതമായി അടച്ചുപൂട്ടുന്നത്.
നിർത്തിവെക്കുന്ന മൂന്ന് ലൈനുകൾ അൽബയുടെ ആകെ വാർഷിക ഉൽപാദന ശേഷിയുടെ (1,623,000 മെട്രിക് ടൺ) ഏകദേശം 19 ശതമാനത്തോളംവരും. മാർച്ച് 2 മുതൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും ചരക്കുകൂലി റെക്കോഡ് നിരക്കിലേക്ക് ഉയരുകയും ചെയ്തു. ഇത് മറികടക്കാനാണ് കമ്പനിയുടെ നീക്കം. കൈവശമുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 4, 5, 6 പ്രൊഡക്ഷൻ ലൈനുകൾക്ക് മുൻഗണന നൽകി കമ്പനിയുടെ മൊത്തത്തിലുള്ള സുസ്ഥിരത ഉറപ്പാക്കും.
നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രവർത്തന സ്ഥിരത നിലനിർത്താനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് അൽബ വ്യക്തമാക്കി. വിതരണ ശൃംഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്ന മുറയ്ക്ക് നിർത്തിവെച്ച ലൈനുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.