മനാമ: രണ്ട് ഏഷ്യൻ യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കുകയും അതിലൊരു യുവതിയെ ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജനായ നിശാക്ലബ് മാനേജർക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 2000 ദീനാർ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷകാലാവധി പൂർത്തിയാക്കിയശേഷം പ്രതിയെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും ഇരകളുടെ നാട്ടിലേക്കുള്ള മടക്കയാത്രാച്ചെലവുകൾ വഹിക്കാനും കോടതി ഉത്തരവിട്ടു. 2025ൽ പ്രതി മാനേജ് ചെയ്തിരുന്ന ഹോട്ടലിലെ നിശാക്ലബിൽ ഗായികമാരും നർത്തകികളുമായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ രണ്ട് യുവതികളെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്.
രാജ്യത്ത് എത്തിയ ഉടൻ തന്നെ ഇയാൾ യുവതികളുടെ പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും അവരെ ഹോട്ടലിൽ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് വിശ്രമമില്ലാതെ ദിവസവും ജോലി ചെയ്യാനും ലൈംഗികവൃത്തിക്കും നിർബന്ധിച്ചു. വിസ കാലാവധി തീർന്നതിനാൽ നാട്ടിലേക്ക് മടങ്ങാനോ ബഹ്റൈനിൽ വീണ്ടും പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതികളിലൊരാളെ ഈ കുറ്റകൃത്യത്തിന് നിർബന്ധിച്ചത്.
ഇരയുടെ സാമ്പത്തിക പരാധീനത മുതലെടുത്ത് ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും അതിൽനിന്നുള്ള വരുമാനം സ്വന്തമാക്കുകയും ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ബഹ്റൈൻ അധികൃതർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിധി രാജ്യത്തെ നിയമവ്യവസ്ഥ ഇത്തരം ചൂഷണങ്ങൾക്കെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.