ഹൂതി ആക്രമണം; സൗദിക്ക് പൂർണ പിന്തുണയുമായി ബഹ്‌റൈൻ
മനാമ: സൗദി അറേബ്യക്കെതിരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. റിയാദ്, ബൈഷ്, താഇഫ്, ഫറസാൻ, യാംബു തുടങ്ങിയ നഗരങ്ങളിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.
സൗദിക്ക് ബഹ്‌റൈന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വന്തം പരമാധികാരവും സുരക്ഷയും സ്ഥിരതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പിന്തുണ പ്രഖ്യാപിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെ ദേശീയ സുരക്ഷയുടെ അഭിവാജ്യ ഘടകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സിവിലിയന്മാർക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും പ്രമേയം 2216 ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.