വിജയികളായ ഹയാഖ് കൊണ്ടോട്ടി എഫ്.സി ടീം കിരീടവുമായി

മലബാർ എഫ്‌.സി മെഗാ കപ്പ്; ഹയാഖ് കൊണ്ടോട്ടി എഫ്‌.സി ചാമ്പ്യന്മാർ

മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ കായിക കൂട്ടായ്മയായ കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) ബഹ്‌റൈന് കീഴിൽ മലബാർ എഫ്.സി സംഘടിപ്പിച്ച മെഗാ കപ്പ് സീസൺ-5 പോരാട്ടത്തിൽ ഹയാഖ് കൊണ്ടോട്ടി എഫ്.സി കിരീടം സ്വന്തമാക്കി. ബഹ്‌റൈനിലെ പ്രമുഖരായ 20-ഓളം കരുത്തുറ്റ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ എതിരാളികളെ അമ്പരപ്പിക്കുന്ന അച്ചടക്കവും പ്രതിരോധ മികവും പുറത്തെടുത്താണ് ഹയാഖ് കൊണ്ടോട്ടി എഫ്.സി വിജയപഥം വെട്ടിയത്. ഫൈനലിലേക്ക് എത്തും വരെയുള്ള നാല് നിർണായക മത്സരങ്ങളിലും ഒരു ഗോൾ പോലും സ്വന്തം വലയിൽ വഴങ്ങാതെയാണ് ഹയാഖ് കൊണ്ടോട്ടി എഫ്.സി കലാശപ്പോരിന് യോഗ്യത നേടിയത്.

റണ്ണേഴ്സ് അപ്പായ സെൻട്രൽ എഫ്.സി ടീം ട്രോഫിയുമായി

 

കരുത്തരായ സെൻട്രൽ എഫ്.സി ആയിരുന്നു ഫൈനലിൽ കൊണ്ടോട്ടിയുടെ എതിരാളികൾ. തുടക്കം മുതൽ ഒടുക്കം വരെ ആവേശം കൊടുമുടി കയറിയ ഫൈനൽ പോരാട്ടത്തിൽ ഇരുടീമുകളും വീറോടെ പരുപരുത്ത കളി പുറത്തെടുത്തു. ഇരുഭാഗത്തുനിന്നും അതിവേഗ മുന്നേറ്റങ്ങളും കടുത്ത ആക്രമണങ്ങളും ഉണ്ടായെങ്കിലും ഇരുടീമുകളുടെയും പ്രതിരോധ കോട്ടകൾ തകർക്കാൻ സാധിക്കാതെ വന്നതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയിൽ അവസാനിച്ചു.

എന്നാൽ കളിയുടെ അവസാന മിനിറ്റുകളിൽ ഒമ്പതാം നമ്പർ ജേഴ്സി താരം ഫായിസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതോടെ ഹയാഖ് കൊണ്ടോട്ടി എഫ്.സി ഏഴ് പേരായി ചുരുങ്ങി. എന്നിരുന്നാലും അസാമാന്യ വീര്യത്തോടെ പ്രതിരോധിച്ചു നിന്ന ഹയാഖ് കൊണ്ടോട്ടി താരങ്ങൾ മത്സരം സമനിലയിൽ തളച്ച് നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിക്കുകയായിരുന്നു. നാടകീയത നിറഞ്ഞ ഷൂട്ടൗട്ടിൽ പതറാത്ത കൃത്യതയോടെ പന്ത് വലയിലെത്തിച്ച് ഹയാഖ് കൊണ്ടോട്ടി എഫ്.സി വിജയകിരീടം ചൂടി. നിരവധി കായികപ്രേമികളാണ് ഫൈനൽ മത്സരം കാണാൻ ഒഴുകിയെത്തിയത്.

ഹയാഖ് കൊണ്ടോട്ടി എഫ്.സിയുടെ അനുരാഗ് മികച്ച ഗോൾകീപ്പറായും, കൊണ്ടോട്ടി എഫ്.സിയുടെ നബീൽ മികച്ച ഡിഫൻഡറായും തെരഞ്ഞെടുക്കപ്പെട്ടു. കൊണ്ടോട്ടി എഫ്.സിയുടെ റമി ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കി. റണ്ണേഴ്‌സ് അപ്പായ സെൻട്രൽ എഫ്.സിയുടെ സക്കറിയ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) പുരസ്കാരം നേടിയപ്പോൾ, ഫെയർ പ്ലേ അവാർഡിന് ബഹ്‌റൈൻ ബേരീസ് എഫ്.സി അർഹരായി. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികളും ക്യാഷ് പ്രൈസും മറ്റ് വ്യക്തിഗത പുരസ്കാരങ്ങളും സംഘാടകസമിതി ഭാരവാഹികളും കെ.എഫ്.എ പ്രതിനിധികളും ചേർന്ന് വിതരണം ചെയ്തു.

Tags:    
News Summary - Malabar FC Mega Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.